തിരുവനന്തപുരം: പുതിയ കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി സംസ്കൃത ഭാഷയിലുള്ള പേരുകൾ നൽകിക്കൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ നടപടികൾ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. ഹൈക്കോടതി അഭിഭാഷകനായ പി വി ജീവേഷ് ആണ് പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്. ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. ഇന്ത്യൻ ശിക്ഷാനിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി നിയമം എന്നിവയ്ക്ക് പകരമായി യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവയാക്കിയുള്ള ബില്ല് പാർലമെന്റ് പാസാക്കിയിരുന്നു.
ജൂലായ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഹർജി ഹൈക്കോടതിയിലെത്തുന്നത്. ഹിന്ദിയെ ദേശീയ ഭാഷയായി ഭരണഘടന വ്യവസ്ഥ ചെയ്തിട്ടില്ലെന്നും അതേസമയം ഭരണഘടനയുടെ 348 അനുച്ഛേദ പ്രകാരം പാർലമെൻറിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും പാസാക്കപ്പെടുന്ന നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു പ്രത്യേക നിയമത്തിന്റെ നാമവും ആ നിയമത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ നിയമത്തിന്റെ പേരുകളും ഇംഗ്ലീഷ് ഭാഷയിൽ തന്നെയാകണം. ഇന്ത്യൻ ജനങ്ങളിൽ വെറും 41 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ദക്ഷിണേന്ത്യയിലെ അഭിഭാഷകർ, ഗവർമെൻറ് ലോ ഓഫീസർമാർ, ന്യായാധിപർ, നിയമാ അധ്യാപകർ തുടങ്ങി നിയമം കൈകാര്യം ചെയ്യുന്ന മഹാഭൂരിപക്ഷത്തിനും ഹിന്ദിയോ സംസ്കൃതമോ അറിയില്ലെന്നും അതുകൊണ്ടുതന്നെ ഈ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത പേരുകൾ നൽകുന്നത് അവ്യക്തതയിലേക്കും മറ്റ് തരത്തിലുള്ള ആശയക്കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും ഹർജി പറയുന്നു.
എല്ലാവർക്കും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു ഭാഷ എന്ന നിലയ്ക്കാണ് നിയമനിർമാണവും ഉയർന്ന കോടതികളിലെ ഭാഷയും ഇംഗ്ലീഷ് വേണമെന്ന് ഭരണഘടന അസംബ്ലി തീരുമാനിച്ചതെന്നും അതുകൊണ്ടുതന്നെയാണ് 348 അനുഛേദം ഭരണഘടനയിൽ എഴുതിച്ചേർത്തുന്നതെന്നും പ്രസ്തുത ഉദ്ദേശലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഈ നടപടികൾ എന്നും ഹർജിയിൽ ഉന്നയിക്കപ്പെടുന്നു. കേന്ദ്ര ഗവൺമെന്റിന്റെ പ്രസ്തുത നടപടി ഭാഷാപരമായ കടന്നുകയറ്റം കൂടിയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പ്രസ്തുത നിയമങ്ങളുടെ പേരുകൾ ഹിന്ദി സംസ്കൃത ഭാഷകളിൽ നിന്നും മാറ്റി ഇംഗ്ലീഷ് ഭാഷയിൽ തന്നെ നൽകണമെന്ന് യൂണിയൻ ക്യാബിനറ്റ് സെക്രട്ടറി കേന്ദ്ര നിയമമന്ത്രാലയം എന്നിവർക്ക് നിർദ്ദേശം കൊടുക്കണമെന്നും പ്രസ്തുത നടപടി 348- ആം അനുച്ഛേദത്തിന്റെ പശ്ചാത്തലത്തിൽ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കോട്ടയത്ത് ഉരുള്പൊട്ടല്; വീടുകള്ക്ക് കേടുപാട്, കൃഷിനാശം, റോഡ് തകര്ന്നു