തിരുവനന്തപുരം: കെഎസ്യു തെക്കൻ മേഖലാ നേതൃ പരിശീലന ക്യാംപിലുണ്ടായ കൂട്ട തല്ല് വിവാദത്തിൽ നടപടിക്കൊരുങ്ങി കെപിസിസി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിന് കത്ത് നൽകാനാണ് സുധാകരൻ ഒരുങ്ങുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷിക്കാണ് കത്ത് നൽകുക. സംഭവം പാർട്ടിക്ക് നാണക്കേടായെന്നും മുകൾത്തട്ടിൽ നിന്ന് നടപടി വേണമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്. കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ക്യാംപ് അംഗങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞ് നടത്തിയ അടിപിടിയിൽ നിയോജക മണ്ഡലം പ്രസിഡന്റുമാരായ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. അഡ്മിനെച്ചൊല്ലി പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കമാണ് സംഘര്ഷത്തിന് കാരണമെന്നും, ക്യാംപിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നെന്നും കെപിസിസി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ ക്യാംപിലെ സംഘർഷത്തിന്റെ ദൃശ്യം പ്രചരിപ്പിച്ചത് വാർത്ത മാധ്യമങ്ങളുടെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ പ്രതികരണം. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായി നാല് പേരെ സംഘടനയിൽ നിന്നും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല് അമീന് അഷ്റഫ്, ജില്ലാ ജനറല് സെക്രട്ടറി ജെറിന് ആര്യനാട്, ദൃശ്യങ്ങള് പുറത്ത് വിട്ട സംസ്ഥാന ജനറല് സെക്രട്ടറി അനന്തകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്ജ് ടിജോ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വിട്ടതിന് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും വ്യക്തി വിരോധം തീർക്കുകയാണ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ചെയ്തതെന്ന് ആരോപിച്ച് അനന്ത കൃഷ്ണൻ രംഗത്തെത്തി. താൻ സുധാകര പക്ഷക്കാരനായത് കൊണ്ടാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നും അനന്ത കൃഷ്ണൻ പ്രതികരിച്ചിരുന്നു. അതിനിടെയാണ് അലോഷ്യസ് സേവ്യറെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് മാറ്റി നിർത്താൻ സുധാകരൻ ശ്രമം തുടങ്ങിയത്
സംസ്ഥാനത്ത് ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്