തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ വീഴ്ച്ച എന്ന് റിപ്പോർട്ട്. ന്യൂനപക്ഷ കമ്മീഷന് ഫിഷറീസ് വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ്ങിന്റെ ചുമതല അദാനി ഗ്രൂപ്പിനാണ്. ഡ്രഡ്ജിങ് നടത്തുന്നതിലും പൊഴിയിൽ വീണ കല്ലുകൾ നീക്കുന്നതിലും അദാനി ഗ്രൂപ്പ് നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് അപകടങ്ങൾക്ക് കാരണമെന്നുമാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
മത്സ്യബന്ധത്തിനുപോയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില് അഞ്ചുതെങ്ങ് സ്വദേശി അബ്രഹാം റോബര്ട്ടാണ് ഒടുവിൽ മരിച്ചത്. അപകടത്തിൽ മൂന്നു പേര് രക്ഷപ്പെട്ടു. 2024 ൽ ഇതുവരെ 11 അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ പതിവാണ്. അപകടങ്ങളിൽ മരണവും സംഭവിക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുകയും മന്ത്രിമാരെ തടയുന്ന സംഭവങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു.
അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 70 ലേറെ പേർ മുതലപ്പൊഴിയിലുണ്ടായ അപകടങ്ങളിൽ മരിച്ചു. ശക്തമായ തിരയിൽ പെട്ട് മറിയുന്ന ബോട്ടുകൾ പൊഴിയിലെ പുലിമുട്ടുകളിൽ ഇടിചച് തകരുകയും മത്സ്യത്തൊഴിലാളികൾ ഇതിൽ ഇടിച്ച് മരിക്കുകയുമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.