രോഗികള് 30 ഇരട്ടിയായി, 4500 നഴ്സുമാര് വേണ്ടിടത്ത് 700 പേര്; മെഡിക്കല് കോളേജുകളുടെ അവസ്ഥയെന്ത്?

നിന്ന് തിരിയാന് സമയമില്ലാത്ത തിരക്കില് പഠനവും ഗവേഷണവും നല്ല രീതിയില് നടത്താന് മെഡിക്കല് കോളജുകള്ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം

dot image

കോഴിക്കോട്: കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി 50 ലക്ഷത്തിലധികം രോഗികളാണ് പ്രതിവര്ഷം സംസ്ഥാനത്തെ 12 മെഡിക്കല് കോളേജുകളിലുമായി എത്തുന്നത്. എന്നാല് ഇവിടങ്ങളിലെ ആരോഗ്യ പ്രവര്ത്തകരുടെ എണ്ണമാകട്ടെ സ്ഥാപിച്ച കാലത്ത് നിന്നും അനങ്ങിയിട്ടുമില്ല. 4500 നഴ്സുമാര് വേണ്ട കോഴിക്കോട് മെഡിക്കല് കോളേജ് പ്രവര്ത്തിക്കുന്നത് 700 നഴ്സുമാരുമായാണ്.

2023ല് നീതി ആയോഗ് പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയില് ഏറ്റവും മികച്ച ആരോഗ്യ സംവിധാനം ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില് മെഡിക്കല് കോളജുകള് എന്ന ആശയം വരുന്നത് പഠന ഗവേഷണ പ്രവര്ത്തനങ്ങള് നടക്കാന് ഒരിടം എന്ന ലക്ഷ്യത്തോടെയാണ്. അത് കഴിഞ്ഞ് മാത്രമേ രോഗീ പരിചരണത്തിന് സ്ഥാനമുള്ളൂ എന്നതായിരുന്നു സ്ഥാപിക്കുമ്പോള് ഉദ്ദേശിച്ചിരുന്നത്. എന്നാല് നിന്ന് തിരിയാന് സമയമില്ലാത്ത തിരക്കില് പഠനവും ഗവേഷണവും നല്ല രീതിയില് നടത്താന് മെഡിക്കല് കോളജുകള്ക്ക് കഴിയുന്നുണ്ടോ എന്നതും പരിശോധിക്കണം.

സംസ്ഥാനത്തെ മെഡിക്കല് കോളജുകളില് പ്രതി വര്ഷം 50 ലക്ഷത്തില് കൂടുതല് രോഗികള് എത്തുന്നു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല് സ്ഥാപിച്ച കാലത്തുള്ള ജീവനക്കാരുടെ എണ്ണം മാത്രമാണ് പല മെഡിക്കല് കോളേജുകളിലും ഇപ്പോഴുമുള്ളൂ എന്നത് മറച്ച് പിടിക്കാനാകാത്ത യാഥാര്ത്ഥ്യമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള് മുതലുള്ള ആശുപത്രികളില് നിന്നും യാതൊരു മാനദണ്ഡവുമില്ലാതെ രോഗികളെ മെഡിക്കല് കോളേജിലേക്ക് അയക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്രശ്നം.

അനാവശ്യമായി റഫറല് ചെയ്യുന്നതിന് പുറമേ പൊലീസ് കേസുകളിലും മറ്റും ജനറല് ആശുപത്രിയിലോ, ജില്ല ആശുപത്രിയിലോ പോകുന്നതിന് പകരം നേരിട്ട് മെഡിക്കല് കോളജുകളില് എത്തിക്കുന്നു എന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. നിലവില് പൊലീസ് കേസ് വരുമ്പോള് അത്തരം രോഗികളെ എവിടെ പ്രവേശിപ്പിക്കണമെന്നതിന് മാനദണ്ഡങ്ങള് പുറപ്പെടുവിച്ചിട്ടില്ല. പലതരം മെഡിക്കല് സര്ട്ടിഫിക്കറ്റുകള് അനുവദിക്കുന്നതടക്കം മെഡിക്കല് കോളേജിന് ചുമതല നല്കുന്നതും ഭാരം കൂടാന് പ്രധാന കാരണമാവുന്നു. ചെറിയ ഇടപെടലോ സര്ക്കാര് തീരുമാനങ്ങളോ ഉണ്ടായാല് തന്നെ ഈ പ്രശ്നങ്ങള് പരിഹരിക്കാമെന്നിരിക്കെ, ഇതുണ്ടാകാത്തതാണ് മെഡിക്കല് കോളേജ് പോലുള്ള ഒരു സംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നത്.

കോഴിക്കോട് മെഡിക്കല് കോളജിലെ സംവിധാനങ്ങള് കൂടി മാറണ്ടേ? റിപ്പോര്ട്ടര് പരിശോധിക്കുന്നു

270 ഏക്കറില് പരന്ന് കിടക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മെഡിക്കല് കോളേജ്. 1957ല് സ്ഥാപിച്ച, മലബാറിലെ അഞ്ച് ജില്ലകള് ആശ്രയിക്കുന്ന മെഡിക്കല് കോളേജാണ് കോഴിക്കോട് മെഡിക്കല് കോളേജ്. സമീപകാലത്ത് ആരോഗ്യ അനാസ്ഥ ചൂണ്ടിക്കാട്ടുന്ന നിരവധി പരാതികള് കോഴിക്കോട് മെഡിക്കല് കോളജില് നിന്ന് ഉയര്ന്നു. ആരോഗ്യ പ്രവര്ത്തകരുടെ വീഴ്ച മാത്രമാണോ ഇതിന് കാരണം? 4500 നഴ്സുമാര് വേണ്ടിടത്ത് 700 പേര് പ്രവര്ത്തിക്കുന്ന കോഴിക്കോട് മെഡിക്കല് കോളജിലെ സംവിധാനങ്ങള് കൂടി മാറേണ്ടതല്ലേ? റിപ്പോര്ട്ടര് പരിശോധിക്കുന്നു.

കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് നിന്നുയര്ന്ന ആരോഗ്യ അനാസ്ഥ കേസുകളുടെ ഉത്തരവാദിത്തം അതാത് ആരോഗ്യ പ്രവര്ത്തകരില് കെട്ടിവച്ച് നമുക്ക് കൈ കഴുകാനാകുമോ? അവിടുത്തെ സംവിധാനത്തിന് ഇതില് എത്രമാത്രം പങ്കുണ്ടാവും? പല ഡോക്ടര്മാര്ക്കും ഒരു ദിവസം 20ന് മേല് ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നതിന് ആരാണ് ഉത്തരവാദി?

അനസ്തേഷ്യ ഡോക്ടര്മാരുടെ എണ്ണം, പീഡിയാട്രിക് സര്ജറി, കാര്ഡിയോ തൊറാസിക് സര്ജറി, പ്ലാസ്റ്റിക് സര്ജറി എന്നിവയില് പിജി ഡോക്ടര്മാര് പ്രവേശനം നേടാത്തത്, ഇ ഹെല്ത്ത് സംവിധാനം പൂര്ണമാകാത്തത് തുടങ്ങി നീണ്ടുപോകുന്നു കോഴിക്കോട് മെഡിക്കല് കോളജിന്റെ പ്രശ്നങ്ങള്.

1957ല് സ്ഥാപിച്ച് 1965 ആകുമ്പോഴേക്കും കോഴിക്കോട് മെഡിക്കല് കോളജില് 330 സ്റ്റാഫ് നഴ്സുമാരുണ്ടായിരുന്നു. എന്നാല് വര്ഷം ഇത്രയായിട്ടും നിലവില് 500 സ്റ്റാഫ് നഴ്സുമാര് മാത്രമാണുള്ളത്. രോഗികളുടെ അനുപാതം 30 ഇരട്ടിയായി വര്ധിക്കുകയും ചെയ്തു. നിലവില് ദിവസം കോഴിക്കോട് മെഡിക്കല് കോളേജില് കിടത്തി ചികിത്സക്ക് ഏകദേശം 2200 രോഗികള് എത്തുന്നുണ്ട്. ആശുപത്രിയിലെ എല്ലാ ഐസിയുവിലും കൂടി 400 കിടക്കകളുണ്ട്. മാനദണ്ഡപ്രകാരം വെന്റിലേറ്ററില് കിടക്കുന്ന ഒരു രോഗിക്ക് ഒരു നഴ്സ് എന്നതാണ് കണക്ക്. വാര്ഡിലാകട്ടെ അഞ്ച് രോഗികള്ക്ക് ഒരു നഴ്സ് എന്ന അനുപാതവും ആവശ്യമുണ്ട്. ഇതൊക്കെ നടപ്പിലാകുന്നില്ലെന്നതാണ് യാഥാര്ത്ഥ്യം.

ആശുപത്രി വികസന സമിതിയുടെ 200 നഴ്സുമാരെ കൂടി പരിഗണിച്ചാലും മെഡിക്കല് കോളേജില് ഓരോ ദിവസവുമെത്തുന്ന ആയിരക്കണക്കിന് രോഗികളെ പരിചരിക്കാന് ഈ എണ്ണവും മതിയാകുന്നില്ല. രോഗികളുടെ കണക്കനുസരിച്ച് 4500 നഴ്സുമാര് വേണ്ടിടത്താണ് ഈ കണക്കെന്നോര്ക്കണം. കോഴിക്കോട് മെഡിക്കല് കോളജിന് മാത്രമായി വകുപ്പില് നിന്ന് 216 കോടി രൂപ കിട്ടാനുണ്ട് എന്നത് മെഡിക്കല് കോളേജുകള് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെയും തുറന്നു കാട്ടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us