മലപ്പുറം: ജനറല് ആശുപത്രി മാത്രമായിരുന്ന ഒരു സ്ഥാപനത്തിന്റെ ബോര്ഡ് മാറ്റി മെഡിക്കല് കോളേജ് ആശുപത്രി എന്നാക്കിയതാണ് മഞ്ചേരി മെഡിക്കല് കോളേജ്. സ്ഥാപിച്ച് 11 വര്ഷം കഴിഞ്ഞിട്ടും മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നത് അതിനെ ആശ്രയിക്കുന്ന രോഗികളോടുള്ള വെല്ലുവിളിയാണ്. താലൂക്ക് ആശുപത്രിയായിരുന്ന ഇതിനെ 1969ല് ജനറല് ആശുപത്രിയാക്കി ഉയര്ത്തി. 2013 വരെ ജനറല് ആശുപത്രിയായിരുന്ന മഞ്ചേരിയെ ഒരു ബോര്ഡ് മാറ്റിയാണ് മെഡിക്കല് കോളേജ് ആശുപത്രിയാക്കിയതെന്ന ആരോപണം തുടക്കം മുതലുണ്ടായിരുന്നു.
മെഡിക്കല് കോളേജ് ആശുപത്രിയായി ഉയര്ത്തിയെങ്കിലും യാതൊരു സൗകര്യങ്ങളും ഇവിടെ ഏര്പ്പെടുത്തിയിട്ടില്ല. ഇവിടെ എംആര്ഐ സ്കാനിംഗ് കേന്ദ്രമില്ല. പ്രത്യേക ഒപി ബ്ലോക്കും ഇല്ല. ക്ലിനിക്കല് ഡിപ്പാര്ട്ട്മെന്റിനാകട്ടെ ധാരാളം പ്രശ്നങ്ങളും. ആകെയുള്ളത് കാര്ഡിയോളജിയില് മാത്രം ഒരു സൂപ്പര് സ്പെഷ്യാലിറ്റി തസ്തിക മാത്രമാണ്. മലപ്പുറം ജില്ലയില് പൊതുവെ പൊതുജനാരോഗ്യ കേന്ദ്രങ്ങള് കുറവാണ്. എന്നാല് മഞ്ചേരിയെ മെഡിക്കല് കോളേജ് ആക്കുക വഴി നന്നായി പ്രവര്ത്തിച്ച ജനറല് ആശുപത്രിയെ ഇല്ലാതാക്കുകയാണ് ചെയ്തത്.
വാഹനാപകടം ഏറ്റവും കൂടുതലുണ്ടാവുന്നത് എറണാകുളം ജില്ലയിലാണെങ്കിലും അപകട മരണ നിരക്ക് കൂടുതല് മലപ്പുറം ജില്ലയിലാണ്. നല്ല ട്രോമ കെയര് സംവിധാനം ഇല്ല എന്ന ഒരൊറ്റ കാരണം കൊണ്ട് പൊലിഞ്ഞ് പോകുന്നത് നിരവധി ജീവനുകളാണ്. മെഡിക്കല് കോളേജ് ആക്കിയതോടെ ജനറല് ആശുപത്രിയിലെ പല ഭാഗങ്ങളും പഠനാവശ്യത്തിനായി മാറ്റി. ഇതോടെ നേരത്തെയുണ്ടായിരുന്ന കിടക്കകളുടെ എണ്ണം കുറഞ്ഞു എന്ന വിരോധാഭാസം മാത്രമാണ് ഇവിടെ സംഭവിച്ചത്.