ആലപ്പുഴ: കാറിനുള്ളില് സ്വിമ്മിങ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര് സഞ്ജു ടെക്കിക്കെതിരെ നടപടി. സഞ്ജുവിനെതിരെ ആറ് വകുപ്പുകള് ചുമത്തി. വണ്ടിയുടെ ആര്സി ബുക്ക് ക്യാന്സല് ചെയ്തു. ലൈസന്സും സസ്പെന്ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ എന്ഫോഴ്സ്മെന്റ് ആര്ടിഒയുടേതാണ് നടപടി.
ശിക്ഷയുടെ ഭാഗമായി സഞ്ജുവിനെ മലപ്പുറത്തെ എംവിഡി കേന്ദ്രത്തില് പരിശീലനത്തിന് അയക്കും. ആശുപത്രിയില് സാമൂഹ്യ സേവനത്തിന് നിയോഗിക്കുകയും ചെയ്യും. ആവേശം സിനിമാ സ്റ്റൈലില് സഫാരി കാറിനുള്ളിലാണ് സഞ്ജുവും സംഘവും സ്വിമ്മിങ് പൂള് ഒരുക്കിയത്. ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലില് പങ്കുവെക്കുകയും ചെയ്തിരുന്നു. വാഹനത്തില് സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങള് അടക്കമാണ് യൂട്യൂബില് പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര് വാഹന വകുപ്പ് രംഘത്തെത്തിയത്. നാട്ടുകാർ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ദിവസങ്ങള്ക്ക് മുമ്പാണ് സഞ്ജു ടെക്കി വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലില് വീഡിയോ പങ്കുവെച്ചത്. കാറിന്റെ പിന്ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള് സജ്ജീകരിക്കുകയായിരുന്നു. ടര്പോളിന് ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം. വാഹനത്തിലെ പൂളിന്റെ മര്ദ്ദം കൊണ്ട് എയര്ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെ മോട്ടോര് വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.
സഫാരി കാറില് 'ആവേശം' സ്റ്റൈല് സ്വിമ്മിങ് പൂള്, സഞ്ചരിച്ചുകൊണ്ട് കുളി; സഞ്ജു ടെക്കിക്കെതിരെ നടപടി