മലപ്പുറം: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. സ്ഥാനാർത്ഥിത്വത്തിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും.
താൻ രാജ്യസഭയിലേക്ക് ഇല്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ രാജ്യസഭയിലേക്ക് ആരെന്ന ചോദ്യം ലീഗിൽ ചൂട് പിടിക്കുകയാണ്. നിരവധി പേരുകളാണ് രാജ്യസഭാ സീറ്റിലേക്കായി പറഞ്ഞുകേൾക്കുന്നത്. പിഎംഎ സലാമിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക രൂപപ്പെട്ടതോടെ ചർച്ച വഴിമാറി. പിഎംഎ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന പലരുമുണ്ട്.
എന്നാൽ ആ അധികാര കൈമാറ്റം ലീഗിലെ മുതിർന്ന പല നേതാക്കൾക്കും താൽപര്യമില്ല. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നെങ്കിലും യൂത്ത് ലീഗിന് അവസരം ലഭിച്ചില്ല. എന്നാൽ രാജ്യസഭയെങ്കിലും നൽകണമെന്ന കടുത്ത നിലപാടിലാണ് യൂത്ത് ലീഗ്.
യുവ പ്രാതിനിധ്യമെന്ന ആവശ്യത്തോട് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കും അനുകൂല നിലപാടാണ്. അങ്ങനെയെങ്കിൽ രാജ്യസഭയിലേക്ക് ഫിറോസിനും ഫൈസൽ ബാബുവിനും സാധ്യതയേറും. എന്നാൽ ഇവർക്ക് ബദലായി ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ പിഎം സാദിഖലിയുടെ പേര് പാർട്ടിയിൽ ഉയരുന്നുണ്ട്. എന്നാൽ ഈ ആവശ്യത്തോട് നേതൃത്വം പുറം തിരിഞ്ഞു നിൽക്കാനാണ് സാധ്യത. പല പേരുകൾ ഉയരുമ്പോഴും ഒരു പുതുമുഖ പരീക്ഷണത്തിന് ലീഗ് ഒരുങ്ങുമെന്ന് തന്നെയാണ് പൊതുവേയുളള വിലയിരുത്തൽ. ആ പ്രതീക്ഷയിലാണ് യൂത്ത് ലീഗും.
യുഡിഎഫില് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില് പി കെ കുഞ്ഞാലിക്കുട്ടി എത്തണമെന്ന് ലീഗില് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കെത്തുമെന്ന അഭ്യൂഹങ്ങളും സജീവമായി. ഈ റിപ്പോര്ട്ടുകള് തള്ളിയ കുഞ്ഞാലിക്കുട്ടി രാജ്യസഭിലേക്ക് മത്സരിക്കാന് താനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില് തെറ്റില്ലെന്നും നേരത്തെ അബ്ദുസമദ് സമദാനി ഉള്പ്പെടെ രാജ്യസഭാംഗമായിട്ടുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും പറഞ്ഞിരുന്നു.
രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില് തെറ്റില്ല; എം കെ മുനീര്