കോഴിക്കോട്: രാജ്യസഭയിലേക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. രാജ്യസഭയിലെത്തേണ്ടത് പരിണിതപ്രജ്ഞരായ നേതാക്കളാണ്. തൻ്റെ പേര് രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ല. ചെറുപ്പക്കാര് വരുന്നതില് ശരികേടില്ല. ഞാന് യുവാവല്ല. പാര്ട്ടിയില് മാത്രമാണ് യുവാവ്. പാര്ട്ടി എനിക്ക് അര്ഹമായ പരിഗണ നല്കി. മുതിര്ന്ന നേതാക്കളുടെ ശബ്ദമാണ് ഉപരിസഭയിലെത്തേണ്ടതെന്നും കെ എം ഷാജി വ്യക്തമാക്കി. പാര്ട്ടിയിയുടെ ജനറല് സെക്രട്ടറി പദമാണ് ആഗ്രഹിക്കുന്നതെന്നും കെ എം ഷാജി തുറന്ന് പറഞ്ഞു. പാര്ലമെന്ററി മോഹമില്ല. ജനറല് സെക്രട്ടറിയാവാന് ആഗ്രഹിക്കുന്നുണ്ട്. പാര്ട്ടിയിലാരും ആഗ്രഹിക്കുന്ന പദവിയാണത്. യുഡിഎഫ് അധികാരത്തിലെത്തിയാല് ഒത്തുതീര്പ്പ് രാഷ്ട്രീയം പാടില്ല. ഒത്തുത്തീര്പ്പ് രാഷ്ട്രീയം തോന്ന്യാസമാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോള് പിണറായി വിജയനെതിരായ കേസുകള് ഒത്തുതീര്പ്പാക്കരുത്. അഴിമതിയാരോപണങ്ങളില് ഒത്തുതീര്പ്പ് പാടില്ല. മാസപ്പടി വിവാദത്തില് മുഖ്യമന്ത്രി പിണറായി വിജയനും മകളും അറസ്റ്റിലാകുമെന്നും ഷാജി പ്രതികരിച്ചു.
സമസ്ത വ്യക്തമായ ആത്മീയ സംഘടനയാണ്. മുസ്ലീംലീഗും സമസ്തയും സയാമീസ് ഇരട്ടകളാണ്. ഇരുസംഘടനകളും തമ്മില് തര്ക്കമെന്നത് പുറത്തുനിന്നുള്ള ചര്ച്ചയാണ്. മുറിച്ചുമാറ്റാന് പറ്റാത്ത തലച്ചോറും ശരീരവുമാണ് ഇരുവര്ക്കും. രണ്ടിനെയും വേര്പ്പെടുത്താമെന്ന ചിന്തയുള്ള ചില താല്പര്യക്കാറുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുന്ന ചിലരുമുണ്ട്. സമസ്തയും ലീഗും തമ്മില് അസൂയവഹമായ ബന്ധമാണ്. അതുകൊണ്ടാണ് അടര്ത്തിയെടുക്കാന് ശ്രമം. ആ ബന്ധത്തിന് വിള്ളലുണ്ടാക്കാന് ഇടനിലക്കാര് ശ്രമിക്കുന്നുവെന്നും കെ എം ഷാജി കുറ്റപ്പെടുത്തി. പല വിഷയങ്ങളിലും സിപിഐഎമ്മിനെ അനുകൂലിച്ചുള്ള ഉമര് ഫൈസി തങ്ങളുടേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അത് സമസ്തയുടെ അഭിപ്രായമല്ല. ഇത്തരം ശ്രമങ്ങള് ജയിക്കില്ല. സമസ്തയെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു നീക്കവും ലീഗില് നിന്നുണ്ടാവില്ല. സാമൂഹികമായ വിഷയങ്ങളില് സമസ്തക്ക് നേരിട്ട് സര്ക്കാറുമായി സംസാരിക്കാം. അതിലൂടെ ലീഗിന്റെ പ്രസക്തിയൊന്നും നഷ്ട്ടമാകുന്നില്ലെന്നും ഷാജി പറഞ്ഞു.
തേങ്ങയിടണോ... വാട്സ്ആപ്പുണ്ടെങ്കിൽ കാര്യം എളുപ്പംലീഗിന് യുഡിഎഫില് നിന്ന് അര്ഹതപ്പെട്ടത് കിട്ടുന്നില്ല എന്ന ചിന്ത ശരിയല്ല. സിപിഐഎമ്മില് പോകാതിരിക്കുന്നത് ആശയപരമായ വലിയ വ്യത്യാസം കൊണ്ടാണ്. അത് കേവലം സീറ്റിന്റെ പേരിലല്ല. യുഡിഎഫ് ഒരു കൂട്ടായ്മയാണ്. അതില് ലീഗ് ചില വിട്ടുവീഴച്ചകള് ചെയ്യുന്നുണ്ട് എന്നത് യാഥാര്ഥ്യമാണ്. യുഡിഎഫില് ആരും മുതലാളിമാരില്ല. കോണ്ഗ്രസ് അതില് വലിയ പാര്ട്ടി എന്നു മാത്രമാമെന്നും കെ എം ഷാജി ചൂണ്ടിക്കാണിച്ചു. സിപിഐഎം ഒരു ഇടത് സംഘടന പോലുമല്ലെന്നും കെ എം ഷാജി വിമർശിച്ചു. വലതുപക്ഷ സംഘടനയാണത്. അവരോട് ഒരു തരത്തിലും അടുത്തുപോകരുത് എന്ന ബോധം പാര്ട്ടിക്കുള്ളില് ഞാന് സൃഷ്ടിക്കാന് ശ്രമിക്കുന്നുണ്ട്. സിപിഐഎമ്മിൻ്റേത് പാപ്പരത്ത രാഷ്ട്രീയ ആശയമാണ്. തനിക്കെതിരെ 14 വിജിലന്സ് കേസുകളുണ്ട്. സിപിഐഎമ്മിനെ എതിര്ത്തത് കൊണ്ടുമാത്രമാണ് ഇത്രയും കേസുകള് തനിക്കെതിരെ വന്നത്. ഭരണകൂടം വേട്ടയാടാന് തുടങ്ങിയാല് നമ്മള് നിസ്സഹായരാകും എന്നതിന്റെ ഉദാഹരണമാണത്. ഭീകരമായ പീഡനങ്ങള് വ്യക്തിപരമായി ഏറ്റുവാങ്ങുന്നുണ്ട്. എംഎല്എ ആയിരുന്നപ്പോൾ ആ നിലയിലുള്ള ഒരു ആനുകൂല്യവും താൻ വാങ്ങുന്നില്ലെന്നും കെ എം ഷാജി പറഞ്ഞു.