കൊച്ചി: കളമശ്ശേരിയില് കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ മഴയെന്ന് മന്ത്രി പി രാജീവ്. ഒന്നര മണിക്കൂറില് 157 എംഎം മഴ ലഭിച്ചു. എല്ലാ സിസ്റ്റവും പെര്ഫെക്ട് ആണെങ്കിലും അത് ഒഴുകിപ്പോകാന് സമയമെടുക്കും. മഴക്കാല ശുചീകരണ യോഗം നടന്നിരുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില് കുരുങ്ങി 'ഓപ്പറേഷന് വാഹിനി' കാലതാമസം നേരിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തര പ്രാധാന്യത്തോടെ നാളെ തന്നെ പണികള് ആരംഭിക്കാന് ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈവേ നിര്മ്മാണത്തിന് ശേഷം അന്ന് മുതല് മൂലേപാടത്ത് വെള്ളം കയറുന്നുണ്ട്. കയ്യേറ്റങ്ങള് പൂര്ണമായി ഒഴിപ്പിക്കേണ്ടതുണ്ട്. ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവര്ത്തനങ്ങള് രണ്ട് ദിവസത്തിനകം പൂര്ത്തിയാകും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രവര്ത്തനമെന്നും മന്ത്രി അറിയിച്ചു.
മറ്റ് തോടുകളും കാനകളും മുന്സിപ്പാലിറ്റി തന്നെ വൃത്തിയാക്കണം. റീബിള്ഡ് കേരള പദ്ധതിയില് 14 കോടി രൂപയുടെ പദ്ധതിക്ക് അപേക്ഷ നല്കിയിട്ടുണ്ട്. കളമശ്ശേരി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള തോടുകളും കാനകളും ഈ പദ്ധതിയില് ശുചിയാക്കും. മാലിന്യം ഇടുന്നവരെ കണ്ടെത്താന് കളമശ്ശേരിയില് സിസിടിവി ക്യാമറകള് സ്ഥാപിച്ചിട്ടുണ്ട്.
ഓപ്പറേഷന് വാഹിനി നാളെ ആരംഭിക്കും. ഇടപ്പള്ളി തോട് വൃത്തിയാക്കുന്നതിനാകും ആദ്യ പരിഗണന. ഇന്ഫോപാര്ക്കിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള് സ്വീകരിക്കും. ബോധപൂര്വമായ വീഴ്ച ഒരിടത്തും ഉണ്ടായിട്ടില്ല. കെഎസ്ആര്ടിസി സ്റ്റാന്ഡിലെ വെള്ളക്കെട്ട് ക്ഷീണമാണ്. പരിഹരിക്കാനുള്ള പ്രവര്ത്തനങ്ങള് ഉടന് ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.