കോഴിക്കോട്: മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച പൊലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയര് സിവില് പൊലീസ് ഓഫീസര് ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്പെന്ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില് മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു തുടങ്ങിയ കാരണങ്ങള് ചൂണ്ടികാട്ടിയാണ് നടപടി.
അതേസമയം പൊലീസിലെ ഗുണ്ടാ ബന്ധം സംബന്ധിച്ചാണ് താന് മുഖ്യമന്ത്രിക്ക് ഇ മെയില് അയച്ചതെന്നും ഗുണ്ടാ ബന്ധമുള്ള നിരവധി പേര് പൊലീസില് ഉണ്ടെന്നും അവര്ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും ഉമേഷ് പ്രതികരിച്ചു.
'സ്വയം ആശ്വാസത്തിനാണ് ഫേസ്ബുക്കില് എഴുതുന്നത്. ഇല്ലെങ്കില് ഞാന് എന്നേ പൊലീസില് നിന്നും ആത്മഹത്യ ചെയ്തേനെ. എഴുത്ത് അതിജീവനവും നിലനില്പ്പുമാണ് എനിക്ക്. ഇതൊക്കെ വായിക്കുമ്പോള് പല പൊലീസുകാരും വിളിക്കാറുണ്ട്. അവര്ക്ക് ആശ്വാസമാണെന്ന് പറയാറുണ്ട്.' റിപ്പോര്ട്ടറിനോടാണ് ഉമേഷിന്റെ പ്രതികരണം.
പൊലീസില് നടക്കുന്ന 90 ശതമാനം കാര്യങ്ങളും മുഖ്യമന്ത്രി അറിയുന്നില്ല. മാസങ്ങളായി ശമ്പളം ലഭിച്ചിട്ട്. സെക്ഷന് ക്ലസ് ലീസ് സെറ്റില് ചെയ്ത് ഫയല് നീക്കിയിട്ടില്ല. താന് ഉള്ള സ്റ്റേഷനില് ഉരുട്ടികൊല പോലെ ഒരു സംഭവവും നടക്കില്ലെന്നും ഉമേഷ് പ്രതികരിച്ചു.
പൊലീസിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കില് അനിഷ്ട സംഭവങ്ങള് സ്റ്റേഷനില് നടക്കില്ല. മുഖ്യമന്ത്രിക്ക് പ്രോപ്പര് ചാനലിലൂടെ മാത്രം പരാതി നല്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര് പറയുന്നു. പ്രോപ്പര് ചാനലിലൂടെ പരാതി നല്കിയാല് മുഖ്യമന്ത്രിയില് എത്തില്ലെന്നും ഉമേഷ് പറഞ്ഞു.
സര്വ്വീസില് കയറിയ ശേഷം ഇത് മൂന്നാമത്തെ സസ്പെന്ഷനാണ് ഉമേഷിന്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു കോഴിക്കോട് ഫറോക്ക് സ്റ്റേഷനില് നിന്നും ഉമേഷിനെ ആറന്മുളയിലേക്ക് മാറ്റിയത്.