ഇവിടെ ഉള്ളോരൊന്നും അധികം സാമ്പത്തികമുള്ളവരൊന്നുമല്ലല്ലോ! എല്ലാവരെയും സഹായിക്കണം. വീടൊരെണ്ണം വെക്കണം. കൂട്ടുകുടുംബമാണ്...
12 കോടിയാണ് പോക്കറ്റിലിരിക്കുന്നതെങ്കിലും അതിന്റെ തലക്കനമൊന്നും വിശ്വംഭരന്റെ വാക്കുകളിലില്ല.
'ഇനിയും ലോട്ടറി എടുക്കും. നമുക്ക് ഒന്നും കിട്ടീല്ലേലും കച്ചവടക്കാര്ക്ക് രണ്ട് രൂപ കിട്ടുന്നത് കളയണ്ടല്ലോ' ആ മുഖത്ത് ചിരി മാത്രം.
ആലപ്പുഴയിലെ പഴവീട് സ്വദേശി 73 കാരനായ വിശ്വംഭരനാണ് ഇത്തവണത്തെ വിഷു ബമ്പര് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെ ഫലം വന്നെങ്കിലും സ്ഥിരം ലോട്ടറിയെടുക്കുന്ന വിശ്വംഭരന് ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആലപ്പുഴ സ്വദേശിക്കാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞത് രാത്രിയോടെയാണ്. അപ്പോഴും കാര്യമാക്കിയില്ല. ഒന്നാം സമ്മാനം പഴവീട് സ്വദേശിക്കാണെന്ന് കൂടി അറിഞ്ഞതോടെ പതുക്കെ ടിക്കറ്റ് നമ്പറിലേക്ക് ഒന്ന് നോക്കി.
എട മോനെ, ഇതാ കിടക്കുന്നു 12 കോടി....
പക്ഷെ കിലുക്കത്തിലെ കിട്ടുണ്ണി ചേട്ടനെ പോലെ അടിച്ചുമോനെ സീന് ആയിരുന്നില്ല. ആകെ മൊത്തമൊരു അങ്കലാപ്പ്. ആരോടും പറയേണ്ട. നാളെയാവട്ടേയെന്ന് പറഞ്ഞ് ടിക്കറ്റ് മടക്കി.
ഇന്ന് രാവിലെ തന്നെ ലോട്ടറി ഏജന്റ് വീട്ടിലെത്തി. അപ്പോള് കാര്യം അത് തന്നെ. 12 കോടി പോക്കറ്റില്!
'എല്ലാവര്ക്കും സന്തോഷമായി. ഒരുപാട് പേര് വിളിച്ചു. ഇവിടെ ഉള്ളോരൊന്നും അധികം സാമ്പത്തികമുള്ളവരൊന്നുമല്ലല്ലോ. എല്ലാവരെയും സഹായിക്കണം. വീടൊരെണ്ണം വെക്കണം. കൂട്ടുകുടുംബമാണ്. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. എടുക്കുന്നതിനൊന്നും കണക്കൊന്നുമില്ല. ലോട്ടറിക്ക് അഞ്ച് രൂപയുള്ളപ്പോള് എടുക്കാന് തുടങ്ങിയതാണ്.' വിശ്വംഭരന് പറയുന്നു.
ഇത്രയും പൈസ കൈയ്യില് വരികയല്ലേ. യാത്രയൊന്നും പദ്ധതിയിട്ടില്ലേയെന്ന ചോദ്യത്തിന് വിശ്വംഭരന് ചേട്ടന്റെ മറുപടി നൊസ്റ്റു കലര്ന്നതായിരുന്നു.
'സിആര്പിഎഫിലായിരുന്നു ജോലി. ദൂരെയുള്ള അമ്പലങ്ങളൊക്കെ കണ്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിലായിരുന്നു . താജ്മഹല് പലരും കണ്ടിട്ടില്ല. പക്ഷെ ഒരുമാസം അവിടെ കിടന്നുറങ്ങീട്ടുണ്ട്. കാരണം ഡ്യൂട്ടി അവിടെയായിരുന്നു.' പിന്നെയും ചിരി.
കഴിഞ്ഞിട്ടില്ല.....
അന്ന് ചെറുപ്പമായിരുന്നു. പത്ത് മുപ്പത് വയസ്സേയുള്ളൂ. ബാസ്ക്കറ്റ് ബോളിലായിരുന്നു കമ്പം. വിശ്വംഭരന് ചേട്ടന് തുടർന്നു.
ഇനി ലോട്ടറി എടുക്കുമോ..
'ലോട്ടറി എടുക്കും. ഇല്ലെങ്കില് അവര് വഴീ കൂടെ നടത്തിക്കുമോ. നമുക്ക് കിട്ടീല്ലേലും അവര്ക്ക് രണ്ട് രൂപ കിട്ടട്ടെ. ഇനി അടുത്തയാള്ക്ക് കിട്ടട്ടേ. സന്തോഷായിരിക്കട്ടെ..കോടീപതീന്ന് പറയുമ്പോ മരിച്ചു കിടക്കുമ്പോള് ഒരു പേരാണല്ലേ.. അത് ശരിയാ..! പിന്നെയും വിശ്വംഭരന് ചിരിയായിരുന്നു.