സർക്കാർ കേസ് വൈകിപ്പിച്ചു; സുപ്രീംകോടതിയിൽ അപ്പീൽ പോകും: സിദ്ധാര്ത്ഥന്റെ മാതാപിതാക്കൾ

നിയമപരമായി ഇനിയും മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണെന്നും അമ്മ വ്യക്തമാക്കി

dot image

കൊച്ചി: പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാര്ത്ഥി സിദ്ധാര്ത്ഥന്റെ മരണത്തില് അറസ്റ്റിലായ 19 പ്രതികള്ക്കും ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്. മകൻ മരിച്ചപ്പോൾ ഉണ്ടായ ദുഃഖം തന്നെയാണ് ഇപ്പോൾ വിധി കേട്ടപ്പോഴും ഉണ്ടായതെന്നും വളരെ നിരാശകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കേസ് വൈകിപ്പിച്ചു. തെളിവ് നശിപ്പിച്ചു. സിബിഐക്ക് കൊടുക്കേണ്ട കേസ് സർക്കാർ വൈകിപ്പിച്ചു.സിപിഐഎം നേതാവാണ് പ്രതികളെ കീഴടങ്ങാൻ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇതിൽ തന്നെ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. തെളിവ് നശിപ്പിച്ചത് ആഭ്യന്തര ഡിപ്പാർട്ട്മെന്റാണ്. അതുകൊണ്ട് കോടതിയ്ക്ക് വേണ്ട വിധം തെളിവ് ലഭിച്ചില്ല.

എസ്എഫ്ഐ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളത് എന്നറിഞ്ഞപ്പോഴാണ് സർക്കാർ കേസ് വൈകിപ്പിച്ചത്. അതുവരെ കേസ് നല്ല രീതിയിലാണ് പോയിരുന്നതെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത വിധിയെന്നായിരുന്നു സിദ്ധാർത്ഥന്റെ അമ്മയുടെ പ്രതികരണം. കേൾക്കാൻ പോലും പേടിക്കുന്ന കാര്യങ്ങൾ മകനോട് ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ജാമ്യം കൊടുത്തതെന്നും അമ്മ ചോദിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പോകും. പ്രതികളെ വെറുതെവിടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. നിയമപരമായി ഇനിയും മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണെന്നും അമ്മ വ്യക്തമാക്കി.

കര്ശന ഉപാധികളോടെയാണ് 19 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത്. പ്രതികള് വയനാട് ജില്ലയില് പ്രവേശിക്കരുതെന്നും വിചാരണ പൂര്ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്ദേശമുണ്ട്. പ്രതികളുടെ പാസ്പോര്ട് സറണ്ടര് ചെയ്യണം. ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്ത്ഥികളായ പ്രതികള്ക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള് നിര്ണായകമാണെന്നും പ്രതികള്ക്ക് ജാമ്യം അനുവദിച്ചാല് സാക്ഷികളെ സ്വാധീനിക്കാന് സാധ്യതയുണ്ടെന്നും സിബിഐ കോടതിയില് വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

dot image
To advertise here,contact us
dot image