കല്പ്പറ്റ: വന്യജീവി ആക്രമണം അടക്കമുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ സാധാരണക്കാരുടെ പ്രതിഷേധം കൊണ്ട് ശ്രദ്ധേയമായ ആശുപത്രിയാണ് വയനാട് മെഡിക്കൽ കോളേജ്. സ്വന്തമായി ജില്ലയ്ക്ക് ഒരാശുപത്രി ഉണ്ടെങ്കിലും ഇത്തരം ഗുരുതരമായ അസുഖങ്ങളും സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ മണിക്കൂറുകൾ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് രോഗിയുടെ വിലപ്പെട്ട സമയവും പലപ്പോഴും ജീവനും കവർന്നെടുക്കുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ട്.
മനുഷ്യ മൃഗ സംഘർഷം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലൊന്നാണ് വയനാട്. സമീപകാലത്ത് മാത്രം മൂന്ന് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള നല്ലൊരു സർക്കാർ ആശുപത്രിയില്ലാത്തതിനാൽ മൂന്ന് മണിക്കൂറിലധികമെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിലെത്തുമ്പോഴേക്കും പലരും മരണത്തിന് കീഴടങ്ങുന്ന ദാരുണമായ കാഴ്ചയാണ് വയനാട്ടിലുള്ളത്. ജനസംഖ്യയുടെ വലിയൊരു ശതമാനവും ഏറ്റവും സാധാരണക്കാരായ ആദിവാസി വിഭാഗങ്ങളിൽ പെടുന്നവരാണ് എന്ന വസ്തുതയും മറച്ചു വെയ്ക്കാനാവില്ല.
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രശ്നങ്ങൾ അതിൻ്റെ സ്ഥല പരിമിതിയിൽ നിന്ന് തുടങ്ങണം. നിലവിൽ വെറും ഒന്പത് ഏക്കറിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയതായി ഒരു കെട്ടിടം സ്ഥാപിക്കണമെങ്കിൽ ഇനി സ്ഥലമില്ലാത്തിടത്താണ് ആശുപത്രിയുള്ളത്. ആശുപത്രിയിൽ എത്തിപ്പെടാനും പ്രയാസം. ഏകദേശം 54000 രോഗികൾ പ്രതിമാസം ഒപിയിൽ വരുന്ന മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി തസ്തിക പോലുമില്ല. 274 കിടക്കകളുള്ളത് 500 ആക്കി ഉയർത്തിയെങ്കിലും ജില്ല ആശുപത്രി ആയിരുന്നപ്പോഴത്തേതിന് സമാനമായ സ്റ്റാഫ് സ്ട്രെങ്ത്താണ് ഇപ്പോഴും നിലവിലുള്ളത്.
ആധുനിക സംവിധാനങ്ങളുള്ള കാത്ത് ലാബ് ഉണ്ട്. എന്നാൽ പരിശോധനക്കും ഹൃദയ ശസ്ത്രക്രിയക്കും മറ്റും ആഴ്ചയിൽ മൂന്ന് ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വരുന്ന ഡോക്ടറെ ആശ്രയിക്കണം. ആശുപത്രിയിലെത്തുന്ന 60% രോഗികളും ആദിവാസി വിഭാഗങ്ങളിലുള്ളവരാണ്. വിദഗ്ദ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദ്ദേശിച്ചാലും പലരുമത് ചെയ്യാറില്ല. മണിക്കൂറുകളോളം ചുരത്തിലെ ഗതാഗത തടസത്തിൽ കുടുങ്ങി കിടന്ന് ഉള്ള ചികിത്സയും കിട്ടാതെ പോവുമോയെന്ന ഭയം വേറെ.
സാധാരണ മെഡിക്കൽ കോളേജ് ആശുപത്രികളുടെ കാഷ്വാലിറ്റികളിൽ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടാവേണ്ടതാണ്. എന്നാൽ വയനാട് മെഡിക്കൽ കോളജിലാകട്ടെ കാഷ്വാലിറ്റിയിൽ ഉള്ളത് ഒരേയൊരു ഡോക്ടർ മാത്രം. സഹായത്തിന് മറ്റൊരു ജൂനിയർ ഡോക്ടറും. വൈദ്യവിദ്യാഭ്യാസത്തിനായി കുറച്ച് സ്പെഷ്യാലിറ്റി തസ്തികകളും കുറച്ച് അനാട്ടമി തസ്തികകളും മാത്രം സൃഷ്ടിച്ച് നിയമനം നടത്തിയാൽ സാധാരണക്കാരന് ഗുണമുണ്ടാകില്ലെന്നതാണ് വയനാട് മെഡിക്കൽ കോളേജിനെ സംബന്ധിച്ച യാഥാർത്ഥ്യം.