തിരുവനന്തപുരം: മുസ്ലിംലീഗിനെ കടന്നാക്രമിച്ച് സിപിഐഎം നേതാവ് എ കെ ബാലൻ. മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ കെ ബാലൻ്റെ ഗുരുതര ആരോപണം. യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആർഎസ്എസുമായും യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും എ കെ ബാലൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിലും പ്രചരണത്തിലും പലവിധത്തിൽ ആർഎസ്എസുമായി കോൺഗ്രസ് കൂട്ടുകൂടിയെന്നും മറുവശത്ത് മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നുമാണ് എ കെ ബാലൻ്റെ ആരോപണം. തൃശ്ശൂരിൽ കുറെ കോൺഗ്രസുകാർ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു. ഇതിനു പകരം പാലക്കാട് ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകിയെന്നും എ കെ ബാലൻ ആരോപിച്ചു. ഇക്കാര്യം ബിജെപി പ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും എൽഡിഎഫ് മിന്നുന്ന ജയം നേടുമെന്നും എ കെ ബാലൻ പറഞ്ഞു.
ഷോൺ ജോർജിന്റെ എക്സാലോജിക് ആരോപണം ശുദ്ധ
അസംബന്ധമാണെന്നും എ കെ ബാലൻ പറഞ്ഞു.
ഷോൺ ജോർജ് പി സി ജോർജിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണം എന്നും അദ്ദേഹം പരിഹസിച്ചു.
ഉമ്മൻചാണ്ടിക്കെതിരായ സോളാർ പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞിരുന്നു. പിസി ജോർജിന്റെ മകൻ ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണം.
ഷോൺ ജോർജിന് മാപ്പു പറയേണ്ടി വരുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
റിപ്പോർട്ടർ ടിവിയുടെ കൺസൾട്ടിങ് എഡിറ്റർ അരുൺ കുമാറിനെ എ കെ ബാലൻ പ്രശംസിച്ചു.
ഷോൺ ജോർജിൻ്റെ എക്സാലോജിക് ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയുടെ കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ ചോദ്യം ഉയർത്തിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ ചോദ്യമായി അത് മാറുകയും ചെയ്തുവെന്നും എ കെ ബാലന് ചൂണ്ടിക്കാട്ടി.