തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് കേരളത്തില് യുഡിഎഫിന് മേല്കൈയ്യെന്നാണ് എല്ലാ എക്സിറ്റ് പോള് ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്ഡിഎഫിന് അഞ്ചില് താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്വ്വേ ഫലങ്ങള് ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്ട്ടുചെയ്യുന്നു. എല്ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്വ്വേ റിപ്പോര്ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സര്വ്വേയില് യുഡിഎഫിന് 17 മുതല് 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്ഡിഎഫിന് 0 -1. എന്ഡിഎ രണ്ട് സീറ്റു മുതല് മൂന്ന് വരെയെന്നും പറയുന്നു. എന്ഡിഎയ്ക്ക് ഒന്നു മുതല് മൂന്ന് സീറ്റു വരെയാണ് സര്വ്വേ റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നത്.
ടി വി 9 പോള്സ്ട്രാറ്റ് എക്സിറ്റ് പോള് ഫല പ്രകാരം കേരളത്തില് ലോക്സഭ തിരഞ്ഞെടുപ്പില് യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്ഡിഎഫിന് മൂന്ന് സീറ്റ്. എന്ഡിഎ ഒരു സീറ്റ്. കേരളത്തില് യുഡിഎഫിന് 14 സീറ്റ് പ്രവചിച്ച് ന്യൂസ് എക്സ് എക്സിറ്റ് പോള് ഫലത്തില് എല്ഡിഎഫിന് നാല് സീറ്റുവരെയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.എന്ഡിഎയ്ക്ക് രണ്ട് സീറ്റും ന്യൂസ് എക്സ് സര്വ്വേ പ്രവചിക്കുന്നു. ന്യൂസ് എക്സിന് മുമ്പ് പ്രഖ്യാപിച്ച അഞ്ച് സര്വേയിലും കേരളത്തില് യുഡിഎഫിനാണ് മുന്തൂക്കമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഒരുപോലെ പ്രവചിക്കുന്നു. ജന് കീ ബാത് സര്വ്വേ എക്സിറ്റ് പോളില് യുഡിഎഫിന് 14 മുതല് 17 സീറ്റാണ്. എല്ഡിഎഫിന് മൂന്ന് മുതല് അഞ്ച് സീറ്റ്. എന്ഡിഎ ഒരു സീറ്റു വരെ നേടുമെന്നും പറയുന്നു. ഇന്ത്യ ടിവി - സിഎന്എക്സ് സര്വ്വേ എക്സിറ്റ് പോള് ഫലത്തില് യുഡിഎഫിന് 13 മുതല് 15 സീറ്റ്. എല്ഡിഎഫ് മൂന്ന് മുതല് അഞ്ച് വരെ. എന്ഡിഎ ഒരു സീറ്റു മുതല് മൂന്ന് സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ് -സീ വോട്ടര് സര്വ്വേ എക്സിറ്റ് പോള് പ്രവചിക്കുന്നത് യുഡിഎഫിന് 17 മുതല് 19 സീറ്റ് വരെയെന്നും ബിജെപി ഒരു സീറ്റു മുതല് മൂന്ന് സീറ്റ് വരെയെന്നുമാണ്. എല്ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് സര്വേ പറയുന്നത്. ടൈംസ് നൗ എക്സിറ്റ് പോളില് യുഡിഎഫിന് 14 മുതല് 15 സീറ്റ്. എല്ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റുമെന്നും പറയുന്നു.
2019ലെ ലോകസ്ഭ തിരഞ്ഞെടുപ്പില് കേരളത്തില് യുഡിഎഫ് തരംഗമായിരുന്നു. മത്സരം നടന്ന 20 മണ്ഡലങ്ങളില് 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആലപ്പുഴ മണ്ഡലത്തില് മാത്രമാണ് എല്ഡിഎഫ് സ്ഥാനാര്ഥി വിജയിച്ചത്. ആലപ്പുഴയില് കോണ്ഗ്രസിലെ ഷാനിമോള് ഉസ്മാനെ 10,485 വോട്ടുകളുടെ ഭൂരിപക്ഷത്തില് പരാജയപ്പെടുത്തിയ എ എം ആരിഫ് മാത്രമാണ് കേരളത്തില് നിന്നുള്ള എല്ഡിഎഫിന്റെ ഏക ലേക്സഭാംഗം. ഈ വര്ഷത്തെ എക്സിറ്റ് പോള് ഫലങ്ങളും എല്ഡിഎഫിന് ആശ്വാസം പകരുന്നതല്ല. കഴിഞ്ഞ വര്ഷം രാഹുല്ഗാന്ധി ഇംപാക്ട്, ശബരിമല വിഷയം എന്നിവയെല്ലാം ഇടതിന് തിരിച്ചടിയായി എന്നതായിരുന്നു തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്.
ഇക്കുറി ലോകസ്ഭയില് കഴിഞ്ഞ തവണത്തേക്കാള് കൂടുതല് വിജയം കൊയ്ത് തിരിച്ചുവരാമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്. 12 നടുത്ത് സീറ്റ് ഇക്കുറി നേടുമെന്നാണ് പാര്ട്ടിയുടെ കണക്കു കൂട്ടല്. എന്നാല്, സംസ്ഥാന ഭരണത്തിന്റെ ജനവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില് കേരളത്തില് 20 മണ്ഡലങ്ങളിലും ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്. ഇതിനോടടുത്ത് കിടക്കുന്നതാണ് ഈ വര്ഷത്തെ സര്വ്വേ ഫലങ്ങള്.കേരളത്തില് അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയുള്ള ബിജെപിക്ക് സന്തോഷം പകരുന്നതാണ് സര്വ്വേ ഫലങ്ങള്. തൃുശ്ശൂര്, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില് ബിജെപി വിജയ പ്രതീക്ഷയിലാണ്.
റിപ്പോര്ട്ടര് പ്രീപോള് സര്വ്വേ ഫലം
കേരളത്തില് യുഡിഎഫിന് മേല്ക്കൈ പ്രവചിക്കുന്നതായിരുന്നു റിപ്പോര്ട്ടറിന്റെ പ്രീപോള് സര്വ്വേ. യുഡിഎഫ് 15 സീറ്റുകള് നേടുമെന്നും എല്ഡിഎഫ് അഞ്ച് സീറ്റുകളില് വിജയിക്കുമെന്നുമാണ് സര്വ്വേ വ്യക്തമാക്കിയത്. ബിജെപിക്ക് ഇത്തവണ കേരളത്തില് അക്കൗണ്ട് തുറക്കാനാകില്ലെന്നും അഭിപ്രായ സര്വ്വേ പ്രവചിച്ചു.
യുഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള് നഷ്ടപ്പെടും. ഈ മണ്ഡലങ്ങളില് എല്ഡിഎഫ് വിജയിക്കുമെന്നും പ്രീപോള് സര്വ്വേ പ്രവചിച്ചു. അതേസമയം എല്ഡിഎഫിന് 2019ല് ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കുമെന്നും ഭൂരിപക്ഷാഭിപ്രായമുണ്ടായിരുന്നു. 2019ല് എല്ഡിഎഫിന്റെ കൈയ്യില് നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസര്കോട്, കണ്ണൂര്, ആലത്തൂര്, ആറ്റിങ്ങല് എന്നീ മണ്ഡലങ്ങളില് കാസര്കോട്, കണ്ണൂര് എന്നിവ എല്ഡിഎഫ് തിരിച്ചു പിടിക്കും. അതേസമയം ആലത്തൂര്, ആറ്റിങ്ങല് എന്നീ മണ്ഡലങ്ങള് ഇത്തവണയും യുഡിഎഫ് നിലനിര്ത്തും. 2019ല് യുഡിഎഫിന്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച് ജയിച്ച കേരള കോണ്ഗ്രസ് മാണി വിഭാഗം ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്പോള് കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലര്ത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സര്വ്വേ പറയുന്നു.
കൊല്ലം, ആറ്റിങ്ങല്, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂര്, തിരുവനന്തപുരം, തൃശൂര്, മണ്ഡലങ്ങളില് യുഡിഎഫ് വിജയം നേടുമെന്നാണ് സര്വ്വേ പ്രവചിക്കുന്നത്. കാസര്കോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂര്, വടകര മണ്ഡലങ്ങളില് എല്ഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നും സര്വ്വേ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തിന്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വേ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള് ക്രോഡീകരിച്ചാണ് റിപ്പോര്ട്ടര് ടിവിയുടെ സര്വെ തയ്യാറാക്കിയത്.