ആലപ്പുഴ: കാറിനുള്ളില് സ്വിമ്മിങ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര് സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം സമർപ്പിച്ചത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇവര്ക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
ആർടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ചും സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കിട്ടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്ക്കും നന്ദിയുണ്ടെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇങ്ങനെ ശിക്ഷാനടപടികളെ പരിഹസിച്ചതിൽ യൂട്യൂബര് സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ആർടിഒയോട് നിർദ്ദേശിച്ചിരുന്നു. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി പൊതുനിരത്തിൽ ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടുകാര്ക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് നടപടിയെടുത്തത്. ടര്പോളിന് ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം. വാഹനത്തിലെ പൂളിന്റെ മര്ദ്ദം കൊണ്ട് എയര്ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര് വാഹന വകുപ്പ് നടപടിയെടുത്തതും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.
ടെസ്റ്റ് പരിഷ്കരണത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് അത്യപ്തി; ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി