തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്. എക്സിറ്റ് പോളിന് ബിജെപിയെ കേരളത്തിൽ ജയിപ്പിക്കാം. എന്നാൽ ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി ജയിക്കില്ലെന്ന് മന്ത്രി പരിഹസിച്ചു. 2004-ന് സമാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. പ്രീപോളും എക്സിറ്റ് പോളും പറഞ്ഞത് വാജ്പേയ് പ്രവചിച്ചത് വീണ്ടും വരും എന്നാണ്. അതിന് വിപരീതമായി വന്നു. സാധാരണ നിലയിലുള്ള തിരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ 2004 ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴയില് സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് പ്രതിപക്ഷം കരുതി. ഒരു ദിവസം കൊണ്ട് കോഴ ആരോപണത്തിൻ്റെ മുന ഒടിഞ്ഞു. സാധാരണ വിവാദങ്ങൾ ഒരു മാസമെങ്കിലും നീണ്ടു നിൽക്കും. പ്രതിപക്ഷത്തിന് ഇത്തവണ ലഭിച്ചത് തുരുമ്പിച്ച ആയുധമാണ്. പ്രതിപക്ഷം കൂടുതൽ നല്ല ആയുധം തേടുന്നത് നല്ലതായിരിക്കുമെന്നും എം ബി രാജേഷ് പരിഹസിച്ചു.
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും.