മലപ്പുറം: സമസ്ത നേതൃത്വത്തിനെതിരായ, മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ധീൻ നദ്വിയുടെ വിമർശനങ്ങളെ പരസ്യമായി പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കമ്മ്യൂണിസത്തിനെതിരെ ആഞ്ഞടിച്ച നേതാവാണ് ബഹാഉദ്ധീൻ നദ്വി. ചിലർക്ക് ഉചിതമായ മുന്നറിയിപ്പ് നദ്വി കൊടുത്തിട്ടുണ്ട്. കൃത്യസമയത്ത് നിർവഹിക്കേണ്ട ദൗത്യം നദ്വി ചെയ്തു. ആദ്യ കാലങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ ലീഗിനോടൊപ്പം നിന്നവരായിരുന്നു. പല വേദികളിലും സാന്നിധ്യം കൊണ്ട് അനുഗമിച്ചവരാണ്. ആദർശത്തിൽ അടിയുറച്ച് നിൽക്കാനും ഐക്യം കാത്തുസൂക്ഷിക്കാനും അന്ന് നേതാക്കൾ പറഞ്ഞു. വിട്ടുവീഴ്ച്ച ചെയ്തും ഐക്യം കാത്തുസൂക്ഷിക്കണം എന്നാണ് അവർ പറഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പറയേണ്ടത് കൃത്യ സമയത്ത് പറയും എന്ന് തെളിയിച്ച പണ്ഡിതനാണ് ബഹാഉദ്ധീൻ നദ്വിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നിറകുടം തുളുമ്പാറില്ല. വിഞ്ജാനം ഇല്ലാത്തവരുടെ കയ്യിൽ നേതൃത്വം കിട്ടിയാലുള്ള അപകടങ്ങൾക്കാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സ്ഥാനങ്ങൾ ലഭിക്കാൻ അഭിപ്രായം മാറ്റുന്നവർ നിരവധിയുണ്ടെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. ലീഗിന്റെ ശക്തിക്ക് ഒരു ചോർച്ചയും ഉണ്ടാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ബഹാഉദ്ധീൻ നദ്വി. കൊളത്തൂർ മൗലവിയെ പോലുള്ള ബുദ്ധിജീവികൾ മുസ്ലിം ലീഗിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത നേതൃത്വത്തിനെതിരെ നദ്വി നടത്തിയ രൂക്ഷവിമര്ശം വലിയ വിവാദമായിരുന്നു. നിരീശ്വരവാദിയായ ഒരാള്ക്ക് തക്ബീര് ചൊല്ലി പിന്തുണ നല്കുന്നത് ബുദ്ധിശൂന്യമാണെന്നായിരുന്നു നദ്വിയുടെ വിമർശനം. മത നിഷേധികള്ക്കെതിരെ കര്ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത. അടുത്ത കാലത്തായി അതിനു മാറ്റങ്ങള് വന്നു. സുപ്രഭാതം ഗള്ഫ് എഡിഷന് ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണെന്നും ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞിരുന്നു. ചടങ്ങില് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു റിപ്പോര്ട്ടർ ടിവിക്ക് നല്കിയ അഭിമുഖത്തിൽ അദ്ദേഹം വിമര്ശനം ഉന്നയിച്ചത്
എന്നാൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും ഒരേ വേദി പങ്കിട്ടതോടെ സമസ്തയ്ക്കും മുസ്ലിം ലീഗിനുമിടയിലുള്ള മഞ്ഞുരുകുന്നുവെന്ന് വിലയിരുത്തലുകൾ വന്നു. ഒരു ശരീരവും ഒരു മനസ്സുമാണ് സമസ്തയും മുസ്ലിം ലീഗുമെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്നേഹവിരുന്നിൽ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗിന്റെ ശക്തി സമസ്തയും സമസ്തയുടെ ഊര്ജ്ജം മുസ്ലിം ലീഗുമാണെന്നും സാദിഖലി തങ്ങള് പറഞ്ഞിരുന്നു. ഇതിനിടെയാണ് മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കൾ തന്നെ സമസ്തയെ വിമർശിച്ച നദ്വിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
എന്ഡിഎ വന്നാല് ജെ പി നദ്ദ മന്ത്രിസഭയിലേക്ക്? സംഘടനാ തലത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി