കൊച്ചി: സിഎംആര്എല് എക്സാലോജിക് കരാറില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന് ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ആവശ്യം തള്ളിയ വിജിലന്സ് കോടതി വിധിക്കെതിരെ കോണ്ഗ്രസ് എംഎല്എ മാത്യൂ കുഴല്നാടന് നല്കിയ ഹര്ജിയാണ് സിംഗിള് ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. തിരുവനന്തപുരം വിജിലന്സ് കോടതിയുടെ നടപടിക്രമങ്ങളിലും തീരുമാനത്തിലും പാളിച്ചപറ്റിയെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് മാത്യൂ കുഴല്നാടന്റെ ഹര്ജിയിലെ ആവശ്യം. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് മാത്യു കുഴല് നാടന്റെ ഹര്ജി പരിഗണിക്കുന്നത്. സിഎംആര്എല് - എക്സാലോജിക് കരാറില് വിജിലന്സ് അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലന്സ് കോടതിയുടെ തീരുമാനം നിയമാനുസൃതമല്ലെന്നാണ് മാത്യൂ കുഴല്നാടന്റെ റിവിഷന് ഹര്ജിയിലെ പ്രധാന ആക്ഷേപം.
ക്രിമിനല് നടപടിക്രമം അനുസരിച്ചല്ല തിരുവനന്തപുരം വിജിലന്സ് കോടതി ഹര്ജിയില് തീരുമാനമെടുത്തത്. അഴിമതി തെളിയിക്കുന്ന 27 രേഖകള് ഹാജരാക്കി. എന്നാല് ഇതൊന്നും അംഗീകരിക്കാതെയാണ് വിജിലന്സ് അന്വേഷണ ആവശ്യം തള്ളിയത്. പിണറായി വിജയന് ഉള്പ്പടെയുള്ളവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനല് ഗൂഡാലോചനയ്ക്കും കേസെടുക്കണം. ക്രിമിനല് നടപടിക്രമമനുസരിച്ച് പരാതി ലഭിച്ചാല് പരാതി അന്വേഷണ ഏജന്സിക്ക് കൈമാറണമെന്നാണ് നിയമം. അല്ലെങ്കില് വിചാരണ കോടതി നടപടിക്രമങ്ങള് സ്വീകരിക്കണം. ഇത് രണ്ടും തിരുവനന്തപുരം വിജിലന്സ് കോടതി ചെയ്തില്ല. വിജിലന്സ് കോടതി ജഡ്ജി നിയമത്തിന്റെ ഭാഷയ്ക്കപ്പുറം വ്യതിചലിച്ചു. ഇത് ക്രിമിനല് നടപടിക്രമം 190 വകുപ്പിന്റെ ആശയത്തിന് വിരുദ്ധമാണെന്നുമാണ് റിവിഷന് ഹര്ജിയിലെ ആക്ഷേപം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില് സ്വകാര്യ കമ്പനിക്ക് പ്രവര്ത്തന സ്വാതന്ത്ര്യം നല്കിയെന്നതിലാണ് പരാതി. പരാതി അനുസരിച്ച് കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നാണ് വിചാരണ കോടതിയുടെ കണ്ടെത്തല്. ഈ വിധിയില് പിഴവുണ്ട്. സ്വന്തം മകളുടെ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയായ അച്ഛന് അധികാര ദുര്വിനിയോഗം നടത്തിയെന്നാണ് ആക്ഷേപം. ഇക്കാര്യം കോടതി പരിഗണിച്ചില്ല. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഹര്ജിയെന്നാണ് വിജിലന്സ് കോടതിയുടെ വിധിയില് പറയുന്നത്. ഇത് യുക്തിഭദ്രതയില്ലാത്ത തീരുമാനമാണ്. അഴിമതിക്കെതിരെ പരാതിയുമായി കോടതിയെ സമീപിക്കാന് പൗരന് അവകാശമുണ്ട്. സുപ്രിംകോടതിയുടെ മുന്കാല വിധികള് പാലിക്കാത്തതാണ് വിജിലന്സ് കോടതിയുടെ വിധിയെന്നും ഹർജിയിൽ പറയുന്നത്.
വിചാരണക്കോടതിയുടെ നടപടിക്രമങ്ങളില് പാളിച്ചപറ്റിയെന്നും. ഈ സാഹചര്യത്തില് വിജിലന്സ് കോടതിയുടെ തീരുമാനം റദ്ദാക്കണം. സമാന വിഷയത്തിലെ മറ്റൊരു ഹര്ജി ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ പരിഗണനയിലുണ്ട്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്ജിയില് പിണറായി വിജയന്, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി ഉള്പ്പടെയുള്ള നേതാക്കളോട് മറുപടി സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നേരത്തെ നിര്ദ്ദേശം നല്കിയിരുന്നു. മാത്യൂ കുഴല്നാടന്റെ ഹര്ജിയില് പിണറായി വിജയന് മാത്രമാണ് രാഷ്ട്രീയ നേതാക്കളില് നിന്നുള്ള എതിര്കക്ഷി.
പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി തലകീഴായി മറിഞ്ഞു