ആറ്റിങ്ങലില് യുഡിഎഫ് സ്ഥാനാര്ത്ഥി അടൂര് പ്രകാശ് വിജയിച്ചു. വിജയം 1708 വോട്ടിന്. എല്ഡിഎഫ് സ്ഥാനാര്ത്ഥി വി ജോയിയുമായി തുടര്ന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അടൂര് പ്രകാശ് വിജയം ഉറപ്പിച്ചത്. വി ജോയിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആറ്റിങ്ങല് മണ്ഡലം രൂപംകൊണ്ടതിനുശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം എല്ഡിഎഫ് സ്ഥാനാര്ത്ഥി എ സമ്പത്തിന് ഒപ്പമായിരുന്നു. 2019 ല് മണ്ഡലം യുഡിഎഫിന് നേടികൊടുത്ത ആത്മവിശ്വാസവുമായാണ് അടൂര് പ്രകാശ് ഇത്തവണ ആറ്റിങ്ങലില് മത്സരത്തിനിറങ്ങിയത്. 2019ൽ സിപിഐഎം സ്ഥാനാർത്ഥി എ സമ്പത്തിനെ പരാജയപ്പെടുത്തി 3,80,995 വോട്ടുകളോടെയാണ് അടൂർ പ്രകാശ് വിജയിച്ചത്. 38,247 ഭൂരിപക്ഷമായിരുന്നു നേടിയത്.
എന് കുഞ്ഞിരാമന്റെയും വിഎം വിലാസിനിയുടെയും മകനായി 1952 മെയ് 24ന് അടൂരിലാണ് പ്രകാശ് ജനിച്ചത്. ചെമ്പഴന്തി ശ്രീനാരായണ കോളേജില് നിന്നു ബിരുദവും തിരുവനന്തപുരത്തെ കേരള ലോ അക്കാദമി കോളേജില് നിന്ന് എല്എല്ബിയും കരസ്ഥമാക്കി. പഠനകാലത്തുതന്നെ കെഎസ്യു വിലൂടെ രാഷ്ട്രീയത്തില് സജീവമായി. 1996 ല് ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥിയായി കോന്നി മണ്ഡലത്തില് നിന്ന് കേരള നിയമസഭയിലെത്തി. പിന്നെ ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോന്നി അടൂര് പ്രകാശിനെ കൈവിട്ടിട്ടില്ല.
2001, 2006, 2011, 2016 പൊതു തിരഞ്ഞെടുപ്പുകളിലും കോന്നി മണ്ഡലത്തില് നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതല് 2012 വരെ ഉമ്മന്ചാണ്ടി മന്ത്രിസഭയില് ആരോഗ്യ -കയര് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2012 ല് മന്ത്രിസഭാ പുനസംഘാടനം നടന്നപ്പോള് ഭൂ റവന്യൂ മന്ത്രിയായി. 2019ല് ആറ്റിങ്ങല് മണ്ഡലത്തില് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.