മാവേലിക്കര: മാവേലിക്കരയില് വിജയം ആവര്ത്തിച്ച് സിറ്റിങ് എംപി കൊടിക്കുന്നില് സുരേഷ്. പതിനായിരത്തിലേറെ വോട്ടുകള്ക്കാണ് കൊടിക്കുന്നില് സുരേഷിന്റെ വിജയം. മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയായ കൊടിക്കുന്നില് സുരേഷ് പത്താമത്തെ തവണയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇതില് ഏഴു തവണ വിജയിച്ച് 27 വര്ഷം ലോക്സഭയില് അംഗമായിരുന്നു. 61,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാവേലിക്കരയില് നിന്ന് 2019ലെ തിരഞ്ഞെടുപ്പില് കൊടിക്കുന്നില് സുരേഷ് വിജയിച്ചത്. അന്ന് സിപിഐഎമ്മിലെ ചിറ്റയം ഗോപകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 2014ലെ 32,737 എന്ന ഭൂരിപക്ഷത്തെ 2019 ആയപ്പോഴേക്കും 61,138 ആക്കി മാറ്റാന് കൊടിക്കുന്നില് സുരേഷിനായി.
2012 ഒക്ടോബര് 28ന് നടന്ന രണ്ടാം മന്മോഹന് സിംഗ് മന്ത്രിസഭാ പുനഃസംഘടനയില് കേന്ദ്ര തൊഴില് വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം. 1989 മുതല് 1998 വരെയും 2009 മുതല് തുടര്ച്ചയായും ലോക്സഭയില് അംഗമാണ്. എഐസിസി അംഗമായ സുരേഷ് കെസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1983 മുതല് 1997 വരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1987 മുതല് 1990 വരെ കെസ്യു സംസ്ഥാന ജനറല് സെക്രട്ടറിയായിരുന്നു. അഖിലേന്ത്യ യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി ചുമതലയും വഹിച്ചിരുന്നു. 2018 മുതല് കെപിസിസി വര്ക്കിംഗ് വൈസ് പ്രസിഡന്റാണ്. 1998, 2004 വര്ഷങ്ങളില് ലോക്സഭ തിരഞ്ഞെടുപ്പുകളില് അടൂരില് നിന്ന് മത്സരിച്ചെങ്കിലും സിപിഐയിലെ ചെങ്ങറ സുരേന്ദ്രനോട് പരാജയപ്പെട്ടു.
2009ലെ തിരഞ്ഞെടുപ്പില് മാവേലിക്കര സംവരണ മണ്ഡലത്തില് നിന്നു വിജയിച്ച കൊടിക്കുന്നില് വ്യാജ സര്ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്നും കണ്ടെത്തി ജയം അസാധുവാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടര്ന്ന് 2011 മേയ് 12ന് സുപ്രീം കോടതി ഹൈക്കോടതി വിധി അസാധുവാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നില് കുഞ്ഞന്റേയും തങ്കമ്മയുടേയും മകനായി 1962 ജൂണ് നാലിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗവ ലോ കോളേജില് നിന്ന് നിയമബിരുദം നേടി. ബിന്ദുവാണ് ഭാര്യ. ഒരു മകനുണ്ട്.