തിരുവനന്തപുരത്ത് നാലാം തവണയും വിജയം കരസ്ഥമാക്കി ശശി തരൂര്. 16000ത്തിലേറെ ഭൂരിപക്ഷത്തിനാണ് തരൂര് ജയിച്ചു കയറിയത്. എന്ഡിഎ സ്ഥാനാര്ഥി രാജീവ് ചന്ദ്രശേഖര് ഇവിടെ രണ്ടാം സ്ഥാനത്തെത്തി. എല്ഡിഎഫ് സ്ഥാനാര്ഥി പന്ന്യന് രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മുതിര്ന്ന കോണ്ഗ്രസ് നേതാവ്, എഴുത്തുകാരന്, പ്രാസംഗികന്, നയതന്ത്രജ്ഞന് അങ്ങനെ വിശേഷണങ്ങള് ഏറെയുണ്ട് ശശി തരൂരിന്. ചന്ദ്രശേഖരന് നായരുടെയും ലില്ലി തരൂരിന്റെയും (ലില്ലി മേനോന്) മകനായി, 1956ല് ലണ്ടനിലായിരുന്നു ശശി തരൂരിന്റെ ജനനം. കല്ക്കട്ടയിലും ബോംബെയിലുമായി ബാല്യ-കൗമാരം ചെലവഴിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്ത്തിയാക്കി. ഇന്ത്യന് രാഷ്ട്രീയത്തില് സജീവമാകുന്നതിന് മുന്പ് 1978 മുതല് 2007 വരെ തരൂര് ഐക്യരാഷ്ട്രസഭയില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം നീണ്ട ഈ പ്രവര്ത്തനകാലത്ത് തന്നെ ശശി തരൂര് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശീതയുദ്ധത്തിനുശേഷം സമാധാന പാലനത്തിലെ പ്രധാന ഉത്തരവാദിത്തങ്ങള് കൈകാര്യം ചെയ്യുകയും സെക്രട്ടറി ജനറലിന്റെ മുതിര്ന്ന ഉപദേശകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് തരൂര്. ആശയ വിനിമയ വിഭാഗത്തില് അണ്ടര്-സെക്രട്ടറി-ജനറല് സ്ഥാനത്തേക്ക് ഉയര്ന്ന തരൂര് മികച്ച ഒരു നയതന്ത്രജ്ഞന് കൂടിയാണ്.
2009 ലെ ലോക്സഭ ഇലക്ഷനില് കോണ്ഗ്രസ് പാര്ട്ടിയുടെ കേരള വിഭാഗത്തില് നിന്നുള്ള എതിര്പ്പ് അവഗണിച്ച്, തരൂര് തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങി. എല്ഡിഎഫിന്റെ പി രാമചന്ദ്രന് നായര് ആയിരുന്നു മുഖ്യ എതിരാളി. തിരുവനന്തപുരം തരൂരിനെ കൈവിട്ടില്ല. യുനൈറ്റഡ് പ്രോഗ്രസീവ് അലയന്സ് ക (യുപിഎ) സര്ക്കാരിന്റെ കാലത്ത് മന്മോഹന് സിംഗ് മന്ത്രിസഭയില് വിദേശകാര്യ സഹമന്ത്രിയായി തരൂര് നിയമിതനായി. 2014 ലെ തിരഞ്ഞെടുപ്പിന് തരൂര് ഇറങ്ങുമ്പോള് തിരുവനന്തപുരത്തെ രാഷ്ട്രീയ സാഹചര്യം മാറിയിരുന്നു. ബിജെപിയുടെ ഒ രാജഗോപാല് ശക്തമായ മത്സരം കാഴ്ചവെച്ചു. ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില് വിജയം തരൂരിന് ഒപ്പമായിരുന്നു. 2019-ല് മൂന്നാം തവണയും തിരുവനന്തപുരത്ത് ലോക്സഭാ പോരിന് ഇറങ്ങുമ്പോള് ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു മുഖ്യ എതിരാളി. അത്തവണയും വിജയം തരൂരിന് ഒപ്പമായിരുന്നു.
ഓക്സ്ഫോര്ഡില് നടന്ന സംവാദത്തില് ബ്രിട്ടന് തങ്ങളുടെ മുന് കോളനികള്ക്ക് നഷ്ടപരിഹാരം നല്കണമെന്ന് വാദിച്ച തരൂര് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫിക്ഷനും നോണ് ഫിക്ഷനും ആയ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തരൂരിന്റെ ഇംഗ്ലീഷ് പരിജ്ഞാനവും വിശാലമായ പദസമ്പത്തും പലപ്പോവും സമൂഹമാധ്യമങ്ങളില് ചര്ച്ചയാകാറുണ്ട്. ഇന്ത്യന് പ്രീമിയര് ലീഗ് (ഐപിഎല്) ടീമിലെ സ്വീറ്റ് ഇക്വിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉള്പ്പെടെ നിരവധി വിവാദങ്ങളിലും തരൂരിന്റെ പേര് ഉയര്ന്നു കേട്ടിട്ടുണ്ട്. 2014ല് ഭാര്യ സുനന്ദ പുഷ്കറിനെ ഡല്ഹിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തിയത് വന് വിവാദമായിരുന്നു. നാല് വര്ഷത്തിന് ശേഷം 2018ല് തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. 2021 ഓഗസ്റ്റില് അദ്ദേഹത്തെ എല്ലാ കുറ്റങ്ങളില് നിന്നും ഒഴിവാക്കി.