പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. നേതാക്കളുടെ നിർദേശം ഗൗനിച്ചില്ലെന്ന ഡിസിസി പ്രസിഡന്റിൻ്റെ പ്രതികരണം തെറ്റാണെന്ന് രമ്യ ഹരിദാസ് പറഞ്ഞു. എല്ലാ തീരുമാനങ്ങളും പാർട്ടിക്കൊപ്പം നിന്നാണ് എടുത്തത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്യണമെന്നും രമ്യ ഹരിദാസ് റിപ്പോർട്ടറോട് പറഞ്ഞു. രമ്യയുടെ പരാജയത്തില് നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നുമായിരുന്നു എ തങ്കപ്പൻ്റെ ആരോപണം. മുതിര്ന്ന നേതാക്കള് അടക്കം നിര്ദേശിച്ച കാര്യങ്ങള് സ്ഥാനാര്ത്ഥി വേണ്ട രീതിയില് ശ്രദ്ധിച്ചില്ല. എ വി ഗോപിനാഥ് ഫാക്ടര് ആലത്തൂരില് പ്രവര്ത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ കുറ്റപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് ഉടന് വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്; വയനാട് ഒഴിവാക്കുമോ രാഹുല്?അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് താനെന്ന് രമ്യ ഹരിദാസ് പറഞ്ഞു. വിമർശനങ്ങളും പരാതിയും ഉണ്ടെങ്കിൽ മാധ്യമങളിൽ അല്ല പാർട്ടികകത്ത് ചർച്ച ചെയ്യും. പോരായ്മ ഉണ്ടായത് എവിടെയാണെന്നും വീഴ്ച പറ്റിയോയെന്നും പാർട്ടി പരിശോധിക്കും. പാർട്ടിയും മുന്നണി പ്രവർത്തകരും നന്നായി തന്നെ പ്രവർത്തിച്ചു എന്നാണ് അഭിപ്രായം. മന്ത്രി കെ രാധാകൃഷ്ണന്റെ സ്വന്തം ബൂത്തിൽ ലീഡ് നേടാനായത് അതിൻ്റെ തെളിവാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.
ആലത്തൂരിലെ കോൺഗ്രസിൻ്റെ തോൽവി സംഘടനയുടെ പരാജയമാണെന്ന് പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു. സംഘടനയെ മറന്ന് ചിലർ ഒറ്റയ്ക്ക് പാർട്ടി കൊണ്ടുനടക്കാൻ ശ്രമിച്ചതാണ് തോൽവി ഉണ്ടാക്കിയത്. തോൽവിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാത്രം പഴിക്കുന്നത് ശരിയല്ല. വിഡ്ഢിത്തരമാണ് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണമെന്നും എ വി ഗോപിനാഥ് വിമർശിച്ചു. ആലത്തൂരിൽ പെരിങ്ങോട്ടുകുറിശ്ശി ഫാക്ടർ ആയില്ല എന്നത് ഡിസിസി പ്രസിഡൻ്റ് തമാശ പറഞ്ഞതാണ്. വിവേകമുള്ള ആരും ഇത്തരം പ്രതികരണം നടത്തില്ല. 60 കൊല്ലത്തിനിടയയിൽ ആദ്യമായാണ് എൽഡിഎഫ് പെരിങ്ങോട്ടുകുറിശ്ശിയിൽ ലീഡ് ചെയ്തത്. തുടർ തിരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് പിന്തുണയെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു. ആലത്തൂരില് 20143 വോട്ടുകള് ഭൂരിപക്ഷം നേടിയാണ് കെ രാധാകൃഷ്ണൻ വിജയിച്ചത്.