പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില് എല്ഡിഎഫ് സര്ക്കാരിനെ വിമര്ശിച്ച യാക്കോബായ സഭ മുന് നിരണം ഭദ്രസനാധിപന് ഗീവര്ഗീസ് മാര് കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്ഗീസ് കൂറിലോസ് വിമര്ശിച്ചിരുന്നു. എന്നാല് പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള് പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു.
'പ്രളയമാണ് സര്ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനി ഒരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ഒരു പുരോഹിതന് പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചില വിവരദോഷികള് ഉണ്ടാവുമെന്നാണ് വാചകത്തിലൂടെ വ്യക്തമാവുന്നത്. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില് അതിജീവിക്കാന് നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്, ഈ നാട് ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാടാണ്.' മുഖ്യമന്ത്രി പറഞ്ഞു.
കിറ്റ് രാഷ്ട്രീയത്തില് ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്ഷ്ട്യം തുടര്ന്നാല് വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവര്ഗീസ് മാര് കൂറിലോസിന്റെ വിമര്ശനം. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ല. ധാര്ഷ്ട്യം തുടര്ന്നാല് വലിയ തിരിച്ചടിയുണ്ടാകും. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്ത്ത് , വളരെ മോശമായ പൊലിസ് നയങ്ങള്, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില് ഉള്പ്പെടെ നടന്ന അഴിമതികള്, പെന്ഷന് മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്, വലതു വല്ക്കരണ നയങ്ങള് തുടങ്ങിയ നിരവധി കാരണങ്ങള് ഈ തോല്വിക്ക് നിദാനം ആണെന്നും ഗീവര്ഗീസ് കൂറിലോസ് വിമര്ശിച്ചിരുന്നു.