തൃശൂര്: ഡിസിസി ഓഫീസില് പ്രവര്ത്തകര് ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്ച്ച ചെയ്യുന്നതിനായി ചേർന്ന യോഗമാണ് കൂട്ടത്തല്ലില് കലാശിച്ചത്. ഡിസിസി സെക്രട്ടറി സജീവന് കുരിച്ചിറയ്ക്ക് മര്ദനമേറ്റതാണ് തുടക്കം. കെ മുരളീധരന്റെ വിശ്വസ്തനാണ് സജീവന് കുരിച്ചിറ. ഡിസിസി പ്രസിഡന്റും കൂട്ടരും മര്ദിച്ചെന്നായിരുന്നു സജീവന്റെ പരാതി. സജീവനെ മര്ദിച്ചത് ചോദ്യംചെയ്ത് കൂടുതല് പ്രവര്ത്തകരെത്തിയതോടെ രംഗം വഷളായി. ഇതോടെ ഇരുചേരിയായി തിരിഞ്ഞ് പോര്വിളിയും കയ്യാങ്കളിയുമായി.
അതേസമയം, തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്വിയില് കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. സ്ഥാനാർത്ഥിയെന്ന നിലയില് മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോല്പ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം. കെ മുരളീധരന് പരാതികള് ഉന്നയിച്ചെങ്കിലും തോല്വിയിലേക്ക് നയിച്ചത് സംഘടനാ പ്രശ്നങ്ങളോ കുതികാല് വെട്ടലോ അല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്.
തൃശൂർ കോണ്ഗ്രസ്സില് സംഘടനാ പ്രശ്നങ്ങള് പലതുണ്ട്. നേതൃത്വത്തിന് അത് ബോധ്യവുമുണ്ട്. എന്നാല് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില് അത് അത്രമേല് നിഴലിച്ചിട്ടുണ്ടോയെന്നതും നേതൃത്വം പരിശോധിക്കും. തത്കാലത്തേക്ക്, തൃശൂർ ഡിസിസി പ്രസിഡന്റ് ഉള്പ്പെടെയുളള ജില്ലയിലെ നേതാക്കള്ക്കെതിരെ ഏകപക്ഷീയ നടപടി വേണ്ടെന്നാണ് കെപിസിസി നിലപാട്.