തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ ആശങ്ക രേഖപ്പെടുത്തി സിപിഐ ദേശീയ എക്സിക്യൂട്ടീവ്. കേരളത്തിൽ നിന്നുളള നേതാക്കളാണ് ആശങ്ക പങ്കുവെച്ചത്. യുഡിഎഫ് വിജയം ആവർത്തിച്ചതും ബിജെപി അക്കൗണ്ട് തുറന്നതും ആശങ്കാജനകമാണെന്ന് സിപിഐ വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചുവെന്നും ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ വിലയിരുത്തി.
സർക്കാരിനെതിരായ വികാരം ശക്തമായി പ്രതിഫലിച്ചു. സിപിഎമ്മിൻെറ ധിക്കാരപരമായ സമീപനവും ഫലത്തെ സ്വാധീനിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് ചേരാത്തതിനാൽ തോൽവിക്ക് കാരണമായ ഘടകങ്ങളിലേക്ക് പോകുന്നില്ലെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു. രാജ്യമാകെ ഇൻഡ്യ മുന്നണിക്ക് അനുകൂലമായി ഉണ്ടായ തരംഗമാണ് കേരളത്തിലും പ്രതിഫലിച്ചതെന്നും കേരള നേതാക്കൾ വിലയിരുത്തുകയുണ്ടായി.
ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേരള സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനങ്ങൾ ഉയര്ന്നു. സ്വയം വിമര്ശനം അനിവാര്യമാണെന്നതാണ് പ്രധാനമായും ഉയര്ന്നത്. ആത്മവിമർശനവും തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങള് അഭിപ്രായപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു. വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുത്. ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു.
കേഡർ വോട്ടുകൾ ചോർന്നെന്ന് സിപിഎം വിലയിരുത്തി. ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നു. കൂടുതൽ വോട്ട് പോയത് കോൺഗ്രസിലേക്കാണ്. ബിജെപിയിലേക്കും വോട്ട് പോയി. ഇത് ഗൗരവത്തോടെ കാണണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുണ്ടായി. കേഡർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപിയിലേക്ക് വോട്ടുകൾ പോകുന്നത് അപകടകരമാണ്. കോൺഗ്രസിലേക്ക് പോവുന്ന വോട്ടുകൾ തിരിച്ചുപിടിക്കാം. ബിജെപിയിലേക്ക് പോകുന്നത് തിരിച്ചെത്തിക്കുക എളുപ്പമല്ലെന്നും വിലയിരുത്തലുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിന് എതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില് വിമർശനമുയർന്നു.