തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുക എന്ന ഉറച്ച രാഷ്ട്രീയ നിലപാടാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളതെന്ന് ജോസ് കെ മാണി. മുന്നണി വിടുമെന്ന ചർച്ച പൊളിറ്റിക്കൽ ഗോസിപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭ സീറ്റിന്മേലുള്ള ചർച്ച നടക്കുകയാണ്. സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ട്.
ഉചിതമായ തീരുമാനം സിപിഐഎം എടുക്കുമെന്നാണ് വിശ്വാസം. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എൽഡിഎഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്തത്. ആ രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോ മറ്റേതെങ്കിലും മുന്നണിയോ ഇതുവരെ സമീപിച്ചിട്ടില്ല. കോട്ടയത്തെ തോൽവി ചർച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്ത്തു.
'ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുക എന്ന ഉറച്ച രാഷ്ട്രീയ നിലപാടാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളത്. അതിലൊരു മാറ്റവുമില്ല. ജയപരാജയങ്ങൾ വരും. ഒരു പരാജയം വന്നാൽ അപ്പോൾ മുന്നണി മാറാൻ പറ്റുമോ? മറ്റേതെങ്കിലുമൊരു മാധ്യമം പൊളിറ്റിക്കൽ ഗോസിപ്പുയുണ്ടാക്കി ചർച്ചകളുണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാലല്ലേ ന്യൂസ് ആവുകയും ആളുകൾ കാണുകയുമുള്ളൂ. ഞങ്ങളെടുത്ത രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ചാണ് നിൽക്കുന്നത്. അതിലൊരു മാറ്റവുമില്ല. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ല', ജോസ് കെ മാണി പറഞ്ഞു.