കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസില് കസ്റ്റഡിയിലുള്ള ഷമീറിനെ മാപ്പ് സാക്ഷിയാക്കും. രാജ്യാന്തര അവയവക്കടത്ത് കേസില് ഇരയായ ഏക മലയാളിയാണ് പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീര്. വൃക്ക നല്കിയ ഷമീറിന് കടുത്ത ആരോഗ്യ പ്രശ്നങ്ങള് ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. ഇറാനിലെ ടെഹ്റാനില് പോയി വൃക്ക നല്കിയ ഷമീര് ഇക്കഴിഞ്ഞ മെയ് 18നാണ് തിരിച്ചെത്തിയത്. ഇതിനിടെ അവയവ കടത്തില് പൊലീസ് കേസും സാബിത്തിന്റെ അറസ്റ്റും ഉണ്ടായതോടെ ഷമീര് ഒളിവില് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില് നിന്നാണ് ഇയാളെ കണ്ടെത്തിയത്.
അവയവക്കച്ചവടം നടത്തിയ ശേഷം കൃത്യമായ ചികിത്സ ഷമീറിന് ലഭിച്ചിട്ടില്ലന്നും കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമായി വിവിധ ഇടങ്ങളില് ഇയാള് ചികിത്സ തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കേസില് മൂന്ന് പേര് ഇതുവരെ അറസ്റ്റിലായെങ്കിലും ഇരകളെ കണ്ടെത്താന് കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിലുള്ള ഷമീറിനെ മാപ്പുസാക്ഷിയാക്കാനാണ് തീരുമാനം. വൃക്ക നല്കിയതിലൂടെ ആറു ലക്ഷം രൂപ ലഭിച്ചുവെന്നാണ് ഷമീറിന്റെ മൊഴി. ആരോഗ്യ പ്രശ്നങ്ങള് ഉള്ളതിനാല് ഇയാളെ ആശുപത്രിയില് പ്രവേശിപ്പിക്കും.
കേസിലെ മുഖ്യപ്രതി മധു ഇറാനിലാണുള്ളത്. ഇയാളെ തിരിച്ചെത്തിക്കാന് ശ്രമം തുടങ്ങിയിട്ടുണ്ട്. മധുവിന്റെ കൂട്ടാളിയായ സാബിത്ത് നാസര്, സാമ്പത്തിക കാര്യങ്ങള് കൈകാര്യം ചെയ്ത സജിത്ത് ശ്യാം, ഇടനിലക്കാരനായ ആന്ധ്ര സ്വദേശി ബല്ലംകോണ്ട രാംപ്രസാദ് എന്നിവരാണ് ഇതുവരെ പിടിയിലായത്.
രാജി വെക്കരുതെന്ന് ഫഡ്നാവിസിനോട് അമിത് ഷാ; ബിജെപിയെ പുനരുജ്ജീവിപ്പിക്കാന് ആവശ്യം