കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂട്ടത്തോടെ പരോൾ. 561 തടവുകാർക്കാണ് കൂട്ടത്തോടെ പരോൾ അനുവദിച്ചത്. ടി പി ചന്ദ്രശേഖർ വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഴുവൻ പ്രതികൾക്കും പരോൾ കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചത് മുതൽ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നില്ല. ജയിൽ ചട്ടമനുസരിച്ച് ഒരുവർഷം പരമാവധി 60 ദിവസംവരെയാണ് പരോൾ അനുവദിക്കുക.
തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്നജയിലിൽനിന്ന് 330 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 30 പേർക്കും പൂജപ്പുര സെൻട്രൽ ജയിൽ 23, വിയ്യൂർ സെൻട്രൽ ജയിൽ-18, തൃശ്ശൂർ അതിസുരക്ഷാ ജയിൽ-10, ചീമേനി തുറന്ന ജയിൽ-150 എന്നിങ്ങനെയാണ് തടവുകാർ പരോളിൽ ഇറങ്ങിയത്. ടിപി വധക്കസിലെ പ്രതികളായ ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എംസി അനൂപ്, അണ്ണൻ സജിത്ത്, കെ ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്.
തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചില്ല. വിയ്യൂർ അതിസുരക്ഷാജയിലിൽ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റിയത്. സുരക്ഷാജീവനക്കാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് പരോൾ തടഞ്ഞതെന്ന് അധികൃതർ പറയുന്നു.
പരോൾ മനദണ്ഡങ്ങൾ
* സർക്കാരിന്റെ പ്രത്യേക അധികാരപരിധിയിലാണ് പരോൾ ഉൾപ്പെട്ടിരിക്കുന്നത്
*ചികിത്സയ്ക്കോ മറ്റു പ്രത്യേക കാരണങ്ങൾ കാണിച്ചോ ആണ് പരോൾ അനുവദിക്കുന്നത്.
* പരോൾ ലഭിക്കാൻ ചുരുങ്ങിയത് രണ്ടുവർഷമോ അല്ലെങ്കിൽ ശിക്ഷയുടെ മൂന്നിലൊന്നുഭാഗമോ തടവുശിക്ഷ പിന്നിടണം. കൂടാതെ, പൊലീസ് റിപ്പോർട്ടും പ്രത്യേക സമിതി നൽകുന്ന പ്രബേഷൻ റിപ്പോർട്ടും അനുകൂലമാവണം.
* പുറത്തിറങ്ങുന്നയാൾ നാട്ടിലെത്തിയാൽ ക്രമസമാധാനപ്രശ്നമുണ്ടാകില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകണം. കുടുംബസ്വീകാര്യതയും വേണം.
സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കേരളത്തിൽ നിന്ന് രണ്ടാമത് സർപ്രൈസ് മന്ത്രി ഉണ്ടാകുമോ?