തൃശൂര്: തട്ടിപ്പുകാരനായ സ്കൂള് മാനേജര് വിസി പ്രവീണിന്റെ വീട്ടിലും കൂരിക്കുഴി സ്കൂളിലും പൊലീസ് റെയ്ഡ്. റിപ്പോര്ട്ടര് എസ്ഐടി വാര്ത്താ പരമ്പരയ്ക്ക് പിന്നാലെ പ്രവീണിനും ഭാര്യ രേഖയ്ക്കുമെതിരെ നിരവധി പരാതികളാണ് മൂന്ന് പോലീസ് സ്റ്റേഷനുകളിലായി എത്തിയത്. ഭാര്യ രേഖയെ അടക്കം പ്രതികളാക്കി മൂന്ന് എഫ്ഐആറുകള് രജിസ്റ്റര് ചെയ്തു.
2009 മുതല് തട്ടിപ്പ് തുടങ്ങിയ വി സി പ്രവീണിനെതിരെ ആദ്യ പൊലീസ് കേസ് രജിസ്റ്റര് ചെയ്തത് 2010 ലായിരുന്നു. 114 അധ്യാപകരെ ലക്ഷങ്ങള് വാങ്ങി പറ്റിച്ചെങ്കിലും പണം നേരിട്ട് കൈമാറിയതിനാല് തെളിവില്ലാത്തതിന്റെ പേരില് പരാതികളില് കേസ് എടുക്കാതെ പൊലീസ് മടക്കി. എന്നാല് എയിഡഡ് കൊള്ള എന്ന എസ്ഐടി പരമ്പരയിലൂടെ പ്രവീണിന്റെ കോടികളുടെ തട്ടിപ്പ് റിപ്പോര്ട്ടര് പുറത്തുകൊണ്ടുവന്നതോടെ പരാതികള് കൂട്ടത്തോടെ എത്തി. പൊലീസിന് കേസെടുക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മുതല് രാത്രി വരെയാണ് കൂരിക്കുഴി സ്കൂളിലും വി സി പ്രവീണിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്.
പരിശോധനയില് നിരവധി രേഖകള് കണ്ടെത്തിയതായാണ് വിവരം. മൂന്ന് എഫ്ഐആറുകളാണ് വാര്ത്തയ്ക്ക് പിന്നാലെ രജിസ്റ്റര് ചെയ്തത്. കയ്പമംഗലം കൂടാതെ ചെരുതുരുത്തി വലപ്പാട് സ്റ്റേഷനുകളിലുമായി 15 ലധികം പരാതികളാണ് ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ അധ്യാപകര് നല്കിയത്. ഈ പരാതികളിലും ഉടന് എഫ്ഐആര് രജിസ്റ്റര് ചെയ്യുമെന്നാണ് വിവരം. വി സി പ്രവീണിനെ കൂടാതെ 28 ലക്ഷം രൂപ തട്ടിയെന്ന പരാതിയില് ഭാര്യയും പ്രവീണിന്റെ സ്കൂളിലെ തന്നെ അധ്യാപികയുമായ രേഖയ്ക്കെതിരെയും പൊലീസ് കേസെടുത്തു. പൊലീസ് പ്രവീണിന് അനുകൂലമായ നിലപാട് എടുക്കുന്നു എന്നും പരാതിയില് കേസ് എടുക്കുന്നില്ലെന്നും ആരോപിച്ച് അധ്യാപകര് വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. കര്ശന നടപടിയെടുക്കാന് പൊലീസിനും വിദ്യാഭ്യാസ വകുപ്പിനും നിര്ദേശം നല്കിയതായി മന്ത്രി അധ്യാപകരെ അറിയിച്ചു.