'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ';ബാർ കോഴയിൽ പരസ്പരം പഴിചാരി ഭരണ പ്രതിപക്ഷം,അവിശ്വാസപ്രമേയം നിഷേധിച്ചു

യുഡിഎഫ് കാലത്ത് ടൂറിസം - എക്സൈസ് വകുപ്പുകൾ തമ്മിൽ ബന്ധപ്പെട്ടാൽ ആഹാ, ഇപ്പോൾ ഓഹോ എന്ന് എം ബി രാജേഷ്

dot image

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ തുടക്കം ബാർ കോഴയിൽ. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം ജോണ് എംഎല്എ നൽകിയ അടിയന്തരപ്രമേയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ പരസ്പരം പഴിചാരി ഭരണപ്രതിപക്ഷ കക്ഷികൾ. ബാർ കോഴയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകി. ബാർ കോഴ ആരോപണം നിഷേധിച്ചാണ് വിഷയത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷ് സംസാരിച്ച് തുടങ്ങിയത്.

മദ്യനയം ആവിഷ്കരിക്കുന്നത് എക്സൈസ് മന്ത്രി നടത്തുന്ന ചർച്ചകൾക്ക് ശേഷമാണ്. ഇതുവരെ അത്തരം ചർച്ചകൾ നടന്നിട്ടില്ല. നയം പോലും രൂപീകരിച്ചിട്ടില്ല. പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയുമായി ബന്ധപ്പെട്ടല്ല. ചീഫ് സെക്രട്ടറി തന്നെ അത് വ്യക്തമാക്കിയതാണ്. ടൂറിസം ഡയറക്ടർ നടത്തിയതും പതിവ് യോഗങ്ങളുടെ ഭാഗമാണ്. മദ്യനയത്തെക്കുറിച്ച് ഒരു മാസമായി നിരന്തരം വാർത്തകൾ വരുന്നു. വിവാദ ശബ്ദരേഖ വന്നു. എന്നാൽ ആർക്കെന്നില്ലാത്ത ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ ശബ്ദരേഖ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്വേഷണം ആവശ്യപ്പെട്ടു. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അടിയന്തരപ്രമേയ നോട്ടീസിനെ എതിർത്ത് എം ബി രാജേഷ് പറഞ്ഞു.

കെ എം മാണിയെ വേട്ടയാടിയതും ഇതുപോലെ ഒരു ആരോപണത്തിന്റെ പേരിലാണെന്നാണ് റോജി എം ജോൺ തിരിച്ചടിച്ചത്. ഇപ്പോഴത്തെ ഭരണപക്ഷം സഭ പോലും തല്ലിത്തകർത്തവരാണ്. ബാർകോഴ വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. മൂന്നിലൊന്ന് പണപ്പിരിവ് പൂർത്തിയാക്കിയതായും ശബ്ദരേഖയിൽ പറയുന്നു. കറുത്ത കരങ്ങൾ ആരുടേത് എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ശബ്ദരേഖ എങ്ങനെ പുറത്തുവന്നു എന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അല്ലാതെ കോഴയ്ക്ക് പണപ്പിരിവ് നടന്നതല്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്നും റോജി എം ജോൺ പറഞ്ഞു.

എല്ലാ തെളിവുകളും പുറത്തുണ്ട്. എന്നിട്ടും എന്തുകൊണ്ട് എഫ്ഐആർ ഇട്ട് കേസെടുക്കുന്നില്ല? അഴിമതി നടന്നിട്ടില്ല എന്നാണ് സർക്കാർ പറയുന്നത്. എങ്ങനെയാണ് അത് പറയാനാവുക? അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണം. ആരോപണ വിധേയരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തോ ? ഹോട്ടലിന്റെ രജിസ്റ്റർ പരിശോധിച്ചോ? അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചോ? അഴിമതിക്ക് പ്രേരണ നൽകുന്ന ഇടപെടൽ പോലും കുറ്റകരമാണെന്നിരിക്കെ അന്വേഷണത്തിന് സർക്കാർ തയ്യാറായിട്ടില്ല. ഓഫീസ് കെട്ടിട നിർമ്മാണത്തിനുള്ള പണപ്പിരിവ് ജനുവരിയിൽ പൂർത്തിയായതാണ്. രണ്ടര ലക്ഷത്തിന്റെ പിരിവ് എന്തിനെന്ന് എല്ലാവർക്കും അറിയാം.

ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ല എന്നാണ് മന്ത്രി പറയുന്നത്. പലതവണ ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്. എക്സൈസ് പോളിസിയിൽ ടൂറിസം വകുപ്പിന് എന്താണ് താല്പര്യമെന്നും റോജി എം ജോൺ ചോദിച്ചു. ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗത്തിന്റെ അജണ്ട മദ്യനയം ആയിരുന്നു. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്നത് എം ബി രാജേഷോ മുഹമ്മദ് റിയാസോ എന്ന് ചോദിച്ച റോജി, ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കുന്നു എന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ വകുപ്പിൽ കുഞ്ഞും ജനിച്ചു ജാതകവും കുറിച്ചു. ഇനി അതിന്റെ അച്ഛനാരെന്ന് നോക്കിയാൽ മതി. നോട്ടെണ്ണുന്ന മെഷീൻ ഇപ്പോൾ ഇരിക്കുന്നത് എകെജി സെന്ററിലോ ക്ലിഫ് ഹൌസിലോ എന്ന് കൂടി റോജി ചോദിച്ചു. 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ'യെന്ന സിനിമാ ഡയലോഗോടെയാണ് റോജി എം ജോൺ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എം ബി രാജേഷ്, റോജി എം ജോണിന് മറുപടി നൽകി. ജൂൺ 12, 13 തീയതികളിൽ സ്റ്റോക്ക് ഹോൾഡേഴ്സുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ട ചർച്ചയാണ് നടക്കുന്നത്. അതുകൊണ്ടാണ് ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എന്ന് താൻ പറഞ്ഞത്. എക്സൈസ് വകുപ്പും ടൂറിസം വകുപ്പും തമ്മിൽ ഏതുകാലത്താണ് ബന്ധമില്ലാത്തത്? യുഡിഎഫ് സർക്കാരും ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടില്ലേ? യുഡിഎഫ് കാലത്ത് ടൂറിസം - എക്സൈസ് വകുപ്പുകൾ തമ്മിൽ ബന്ധപ്പെട്ടാൽ ആഹാ, ഇപ്പോൾ ഓഹോ എന്ന് എം ബി രാജേഷ് പരിഹസിച്ചു.

ഇതോടെ പ്രതിപക്ഷം ബഹളം വച്ചു. എന്നാൽ സ്പീക്കർ ഇടപെട്ട് പ്രതിപക്ഷത്തെ ശാന്തരാക്കി. വസ്തുതകൾ പറയുമ്പോൾ പ്രതിപക്ഷം അസ്വസ്ഥരാകേണ്ടെന്നാണ് ഇതിനോട് എം ബി രാജേഷ് പ്രതികരിച്ചത്. പ്രമേയാവതാരകൻ അത്യന്തം മോശമായ ഭാഷയിലാണ് വിഷയം അവതരിപ്പിച്ചത്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ എന്ന് മുൻകാല പ്രാബല്യത്തോടെ ചോദിക്കേണ്ടിവരും.

ഈ സർക്കാർ ഡ്രൈഡേ പിൻവലിച്ചിട്ടില്ല. 2014 ൽ യുഡിഎഫാണ് ഡ്രൈ ഡേ പിൻവലിച്ചത്. 52 ഡ്രൈ ഡേകൾ ആണ് യുഡിഎഫ് സർക്കാർ പിൻവലിച്ചത്. അതിനൊക്കെ എത്ര വാങ്ങിയെന്ന് ഞാൻ ചോദിക്കുന്നില്ല. പറയുന്നതെല്ലാം തിരിഞ്ഞു കുത്തുമെന്ന് ഓർമ്മിക്കണം. 418 ബാറുകൾ നിലവാരമില്ല എന്ന ശുപാർശ യുഡിഎഫ് സർക്കാർ അവഗണിച്ചു. എന്നാൽ സുപ്രീം കോടതി പറഞ്ഞപ്പോൾ പൂട്ടേണ്ടി വന്നു. എന്നിട്ട് ഇവർക്ക് ബിയർ - വൈൻ ലൈസൻസ് പ്രായശ്ചിത്തമായി നൽകി. യു ഡി എഫിന്റെ മദ്യനയത്തിൽ എന്തൊക്കെ വിവാദങ്ങൾ ഉണ്ടായെന്നും എം ബി രാജേഷ് ചോദിച്ചു.

പൂട്ടിയ ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. യുഡിഎഫ് കാലത്തെ മദ്യനയത്തിലെ തർക്കം വീതംവെപ്പും പങ്കുവെക്കലുമായി ബന്ധപ്പെട്ടായിരുന്നു. യുഡിഎഫിന്റെ മദ്യനയത്തിന്റെ പ്രത്യാഘാതങ്ങൾ വലുതായിരുന്നു. ഈ സർക്കാറിന്റെ കാലത്ത് മദ്യവിൽപ്പന 8.1 ശതമാനം ആയി കുറഞ്ഞു. സർക്കാർ മദ്യം ഒഴുക്കുന്നുവെന്ന പ്രതിപക്ഷ പ്രചരണം തെറ്റാണ്. മദ്യ ഉപഭോഗവും മദ്യ വില്പനയും കുറഞ്ഞിട്ടുണ്ട്. ബാറുടമകളെ സഹായിച്ചത് എൽഡിഎഫ് അല്ല. ബാർ ലൈസൻസ് ഫീസ് കൂട്ടാൻ എക്സൈസ് കമ്മീഷണർ ശുപാർശ നൽകിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ ലൈസൻസ് ഫീസ് നാമ മാത്രമായിട്ടാണ് വർദ്ധിപ്പിച്ചത്. ഇത് ബാർ ഉടമകളെ സഹായിക്കാനോ എതിർക്കാനോ ആണോ എന്നും രാജേഷ് ചോദിച്ചു.

എന്നാൽ ഈ സർക്കാർ ലൈസൻസ് ഫീസ് വലിയ രീതിയിൽ വർദ്ധിപ്പിച്ചു. അഞ്ച് വർഷംകൊണ്ട് യുഡിഎഫ് റദ്ദാക്കിയ ബാർ ലൈസൻസുകളുടെ മൂന്നിരട്ടി രണ്ടുമാസംകൊണ്ട് ഈ സർക്കാർ റദ്ദാക്കി. 5 വർഷം യുഡിഎഫ് റദ്ദാക്കിയത് അഞ്ച് ബാർ ലൈസൻസുകളാണ്. ഈ വർഷം ഇതുവരെ 15 ലൈസൻസുകൾ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. അസത്യ പ്രചരണത്തിന്മേൽ കെട്ടിപ്പൊക്കിയ വിവാദമാണ് ബാർകോഴ ആരോപണം. അതിനു 48 മണിക്കൂർ ആയുസ്സ് പോലും ഉണ്ടായില്ല. പ്രതിപക്ഷം കുരുക്കുമായി നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ആദ്യം ആരോഗ്യ മന്ത്രിയെ കുരുക്കാൻ നോക്കി. പിന്നീട് എക്സൈസ് മന്ത്രിയെ കുരുക്കാൻ നോക്കി. ശേഷം ടൂറിസം മന്ത്രിയുടെ കഴുത്തിൽ കുരുക്കിടാൻ ശ്രമിച്ചു. പ്രതിപക്ഷത്തിന് കുരുക്കാൻ പറ്റിയ കഴുത്തുകൾ ഞങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us