കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാല വിദ്യാര്ത്ഥി യൂണിയന് തിരഞ്ഞെടുപ്പില് കെഎസ്യു-എംഎസ്എഫ് മുന്നണിക്ക് വിജയം. മുഴുവന് ജനറല് സീറ്റുകളും പിടിച്ചെടുത്താണ് മുന്നണിയുടെ വിജയം. ഏഴ് വര്ഷങ്ങള്ക്ക് ശേഷമാണ് യുഡിഎസ്എഫ് സര്വകലാശാല യൂണിയനില് വിജയിക്കുന്നത്. മൂന്നു ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനം എസ് എഫ് ഐ നേടിയപ്പോൾ രണ്ടു ജില്ലകൾ യു ഡി എസ് എഫ് പിടിച്ചു.
ചെയര്പേഴ്സണായി പി നിതിന് ഫാത്തിമ വിജയിച്ചു. ജനറല് സെക്രട്ടറിയായി മുഹമ്മദ് സഫ്വാനാണ് വിജയിച്ചത്. വൈസ് ചെയര്മാന്-പി കെ അര്ഷാദ്, വൈസ് ചെയര്പേഴ്സണ്-കെ ടി ഷബ്ന, ജോയിന്റ് സെക്രട്ടറി-കെ പി അശ്വിന് നാഥ് എന്നിവരാണ് വിജയിച്ച മറ്റുള്ളവര്. കര്ശനമായ പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
കാലിക്കറ്റ് സര്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊണ്ടോട്ടി ഡിവിഷന് ഡിവൈഎസ്പിക്കാണ് ഹൈക്കോടതി നിര്ദ്ദേശം നല്കിയിരുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോയ്ക്ക് കോടതി നോട്ടീസും അയച്ചിരുന്നു, ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് നല്കിയ ഹര്ജിയിലാണ് നടപടി.