കൊച്ചി: കേന്ദ്ര സഹമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ പറഞ്ഞറിഞ്ഞതെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കോഫി വിത്ത് അരുൺ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോർജ് കുര്യൻ.
'ഞാൻ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ വേണ്ടി ഡൽഹിക്ക് വന്നയാളാണ്. ഇന്നലെ രാവിലെ എട്ട് മണിക്ക് ഡൽഹി എയർപോർട്ടിൽ വന്ന് ഫോൺ ഓണാക്കിയപ്പോൾ ഒരു ഫോൺ വന്നു. ഒരു നേതാവിന്റെ വീട്ടിൽ നിന്നാണ് വിളി വന്നത്. അദ്ദേഹം പറഞ്ഞു വേറൊരു നേതാവിന്റെ വീട്ടിലേക്ക് നിങ്ങൾ ഒമ്പത് മണിക്ക് മുമ്പെത്തണം. ഞാൻ നേരെ ആ നേതാവിന്റെ വീട്ടിൽ ചെന്നു. സാധാരണരീതിയിൽ ഇങ്ങനെ വിളിക്കുന്നത് കേരളത്തിൽ നിന്നെത്തിയവരുടെ അറേഞ്ച്മെന്റ് എന്തായി എന്ന് ചോദിക്കാൻ വേണ്ടിയാണ്. ഇപ്രാവശ്യം പറഞ്ഞത് നിങ്ങൾ 45 വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്, പാർട്ടി പരിഗണിക്കുന്നുണ്ട് എന്നാണ്. എന്നോട് മന്ത്രിയാകുന്ന കാര്യമൊന്നും അവിടുന്ന് പറഞ്ഞില്ല. അതുകഴിഞ്ഞ് വേറൊരു നേതാവിന്റെ വീട്ടിൽ പോയി. അദ്ദേഹവും ഇതൊക്കെ പറഞ്ഞു, പിന്നെ വേറൊരു നേതാവ് ഫോണിൽ വിളിച്ചു, പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ വച്ചാണ് മന്ത്രിയാകുന്ന കാര്യം എന്നോട് ഔദ്യോഗികമായി പറഞ്ഞത്. അതുകൊണ്ട് വീട്ടിൽ പോലും നേരത്തെ പറയാൻ എനിക്ക് സാധിച്ചുമില്ല.' ജോർജ് കുര്യൻ പറഞ്ഞു.
യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ആളാണ് താൻ. ബിജെപിയുടെ ആദർശത്തിൽ വിശ്വസിക്കുന്നു. സത്യപ്രതിജ്ഞ ചെയ്തത് എല്ലാ ജനവിഭാഗത്തിനും വേണ്ടിയാണ്, ക്രിസ്ത്യൻ എന്ന പരിഗണനയിൽ അല്ല. വകുപ്പ് ഏതെന്ന് അറിയിച്ചിട്ടില്ല, ഏത് വകുപ്പായാലും സന്തോഷമെന്നും ജോർജ് കുര്യൻ പറഞ്ഞു.
സംസ്ഥാന ബി ജെ പിയുടെ ഏറ്റവും മുതിർന്ന ന്യൂനപക്ഷ മുഖമാണ് ജോർജ് കുര്യൻ. ജനസംഘകാലത്ത് വിദ്യാർഥി മോർച്ചയിലൂടെ കർമ്മരംഗത്ത് സജീവമായ കുര്യൻ സംഘടനയിൽ പടിപടിയായി ഉയർന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷ പദവി രാജിവച്ചാണ് കെ സുരേന്ദ്രൻ്റെ ടീമിൽ നിലവിൽ ജനറൽ സെക്രട്ടറിയായത്.
മോദി മന്ത്രിസഭയിലെ ഏക ക്രിസ്ത്യൻ മന്ത്രിയാണ് കുര്യൻ. മണിപ്പൂർ കലാപത്തിൽ പാർട്ടി പ്രതിരോധത്തിലായപ്പോൾ മുന്നിൽ നിന്ന് ചെറുത്തത് കുര്യനായിരുന്നു. കോട്ടയത്ത് വിദ്യാർഥി മോർച്ചയുടെ സജീവപ്രവർത്തകനായി ആയിരുന്നു തുടക്കം. പിന്നീട് യുവമോർച്ചയുടെ മുഴുവൻ സമയപ്രവർത്തകനായി. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ജോർജ് കുര്യൻ എന്നിവർ മുഴുവൻ സമയ പ്രവർത്തനിറങ്ങുന്നത് ഒരേകാലത്താണ്. പ്രമോദ് മഹാജൻ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായപ്പോൾ കുര്യൻ ദേശീയ ഭാരവാഹിയായി. 2004ൽ പി.എസ് ശ്രീധരൻപിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോൾ സംസ്ഥാന സെക്രട്ടറിയായി.വാജ്പേയ് മന്ത്രിസഭയിൽ ഒ.രാജഗോപാൽ അംഗമായപ്പോൾ അദ്ദേഹത്തിൻ്റെ പഴ്സനൽ സ്റ്റാഫിൽ കുര്യനും ഭാഗമായി. പിന്നീട് സംസ്ഥാന ഉപാധ്യക്ഷപദത്തിലുമെത്തി. വി.മുരളീധരൻ്റെയും കുമ്മനം രാജശേഖരൻ്റെയും ടീമിൽ ഉപാധ്യക്ഷനായി തുടർന്നു.
ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായി. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായപ്പോൾ കമ്മീഷൻ ഉപാധ്യക്ഷ പദം രാജിവച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തു. ബിജെപി സംസ്ഥാന ഓഫീസിൻ്റെ ചുമതലയും കുര്യനായിരുന്നു.. സംസ്ഥാന ബിജെപിയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേതൃത്വത്തിലേക്കൊഴുകിയപ്പോഴും ജോർജ് കുര്യനെ പാർട്ടി തഴഞ്ഞില്ല. വി.മുരളീധരൻ്റെ അകമഴിഞ്ഞ പിന്തുണ കുര്യനുണ്ട്. ഒപ്പം മറ്റ് നേതാക്കൾക്കും കുര്യൻ സ്വീകാര്യനാണ്.