തിരുവനന്തപുരം: രാജ്യസഭ സീറ്റ് കിട്ടാത്തതിൽ എൽഡിഎഫിൽ കടുത്ത അതൃപ്തി അറിയിച്ച് ആർജെഡി. രാജ്യസഭാ സീറ്റ് ധാരണായായ യോഗത്തിൽ ആർജെഡിയുടെ മുതിർന്ന നേതാവ് വർഗീസ് ജോർജ് പൊട്ടിത്തെറിച്ചു. എപ്പോഴും രാജ്യസഭാ സീറ്റ് സിപിഐക്ക് നൽകുന്നുവെന്നാണ് വർഗീസ് ജോർജിന്റെ പരാതി. ഘടക കക്ഷിയിലെ എല്ലാവർക്കും പരിഗണന കിട്ടണം എന്നും ശ്രേയാംസ് കുമാറിൻ്റെ കാലാവധി കഴിഞ്ഞപ്പോഴേക്കും എൽഡിഎഫ് സീറ്റ് സിപിഐക്ക് നൽകിയെന്നും വർഗീസ് ജോർജ് വിമർശിച്ചു. ലോക്സഭാ സീറ്റ് ചോദിച്ചിട്ടും കിട്ടാത്ത സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതെന്നും എൽഡിഎഫിൽ കടുത്ത അവഗണനയാണ് ആർജെഡി അനുഭവിക്കുന്നതെന്നും ആർജെഡിയുടെ മുതിർന്ന നേതാവ് കൂടിയായ ശ്രേയാംസ് കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം തയ്യാറായിരുന്നു. തങ്ങള്ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്കിയാണ് സിപിഐഎം ഇരുപാര്ട്ടികളെയും തൃപ്തിപ്പെടുത്തിയത്. ഇതോടെ ഇരുപാര്ട്ടികള്ക്കും രാജ്യസഭ സീറ്റ് ലഭിച്ചു. നേരത്തെ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കണമെന്ന് സിപിഐ ആയുള്ള ചര്ച്ചയില് സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല് ഈ നിര്ദേശം അംഗീകരിക്കാന് സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്കി പ്രശ്നം അവസാനിപ്പിക്കാന് തയ്യാറായത്. ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിലാണ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില് തീരുമാനമായത്. അതെ സമയം ആർജെഡിക്ക് പുറമെ സിപിഐഎമ്മിനൊപ്പം എൽഡിഎഫ് ഘടക കക്ഷിയിലുള്ള എൻസിപിയും നേരത്തെ രാജ്യാസഭാ സീറ്റ് അവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.
സിപിഐഎമ്മിന്റെ വലിയ വിട്ടുവീഴ്ച; രാജ്യസഭ സീറ്റ് സിപിഐക്കും കേരള കോണ്ഗ്രസ് എമ്മിനും