കോഴിക്കോട്: സംസ്ഥാന ബി ജെ പിയില് നേതൃമാറ്റ ചർച്ചകൾ സജീവമായെന്ന് വിവരം. കെ സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ കണക്കുകൂട്ടൽ. നേതൃമാറ്റമുണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനും എം ടി രമേശും പരിഗണിക്കപ്പെടും. വി മുരളീധരൻ അധ്യക്ഷപദവിയിൽ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ച കേരളത്തിന് ദേശീയനേതൃത്വം രണ്ടു മന്ത്രിമാരെ നൽകിയത് രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തൽ.
രണ്ടാം ഊഴം പൂർത്തിയാക്കിയ കെ സുരേന്ദ്രൻ അധ്യക്ഷപദം ഒഴിയുകയാണെങ്കിൽ മൂന്നുപേരുകൾ സജീവ പരിഗണനയിലുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ എന്നിവരാണ് പ്രഥമപരിഗണനയിലുള്ളത്. പാലക്കാടിനും ആറ്റിങ്ങലിനും പിന്നാലെ ആലപ്പുഴയിലും മിന്നുംപ്രകടനം കാഴ്ചവച്ച ശോഭാ സുരേന്ദ്രൻ്റെ ജനസ്വാധീനം അംഗീകരിക്കപ്പെടുമെന്നാണ് അവരുടെ പ്രതീക്ഷ. ദേശീയനിർവാഹക സമിതി അംഗമായും കോർ കമ്മിറ്റി അംഗമായും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന ശോഭ ഏറെക്കാലമായി പാർട്ടിയുടെ പെൺമുഖമാണ്.
വി മുരളീധരൻ്റെയും കുമ്മന രാജശേഖരന്റെയും കെ സുരേന്ദ്രൻ്റെയും ടീമിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന എം ടി രമേശ് കുമ്മനത്തിന് ശേഷം അധ്യക്ഷപദത്തിലേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. കൃഷ്ണദാസ് പക്ഷം മുന്നോട്ടുവയ്ക്കുന്ന ഏക പേരും എം.ടി രമേശിൻ്റെതാണ്. ദേശീയ ഭാരവാഹിത്വത്തിൽ താൽപര്യമില്ലാത്ത വി മുരളീധരൻ വീണ്ടും സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹവും ശക്തമാണ്. പി കെ കൃഷ്ണദാസ് സംസ്ഥാന അധ്യക്ഷപദവിയിൽ തിരിച്ചെത്താനുള്ള സാധ്യതയും തളളിക്കളയാനാകില്ല.
പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആൻറണിയും മുൻമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രവർത്തന മണ്ഡലം കേരളത്തിലേക്കു മാറ്റുമെന്നാണ് സൂചന. പി സി ജോർജ്, മകൻ ഷോൺ ജോർജ്, പത്മജ വേണുഗോപാൽ തുടങ്ങിയവരും പാർട്ടിയിൽ പദവികൾ കാത്തിരിക്കുന്നവരാണ്. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് ശേഷവും നേതാക്കൾ പലരും ഡൽഹിയിൽ തുടരുകയാണ്.