തിരുവനന്തപുരം: ബാർ കോഴയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹളം വച്ച പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പാരഡി പാട്ടുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി. പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. സഭാ നടപടികളുമായി സ്പീക്കർ മുന്നോട്ടുപോയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു.
ആരോപണങ്ങളിലേക്കൊന്നും എക്സൈസ് മന്ത്രി കടന്നിട്ടേയില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണങ്ങൾക്ക് ഒരു മറുപടിയും മന്ത്രി നൽകിയില്ല. യുഡിഎഫ് സർക്കാരിന്റെ മദ്യനയം ചർച്ച ചെയ്യാനല്ല പ്രതിപക്ഷം നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ശബ്ദ രേഖ എങ്ങനെ പുറത്തുപോയി എന്നതാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ട വകുപ്പാണ് ഇത്. മാണിക്കെതിരായ ബാർകോഴ ആരോപണം ഏത് വകുപ്പ് അനുസരിച്ചാണ് അന്ന് കേസ് എടുത്തതെന്നും വി ഡി സതീശൻ ചോദിച്ചു. അന്നും ബാറുടമയാണ് ആരോപണം ഉന്നയിച്ചത്, ഇന്നും ഒരു ബാറുടമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബാറുടമകളുടെ യോഗം എക്സൈസ് വകുപ്പ് വിളിച്ചു. അവരാണ് മദ്യനയം പരിഷ്കരിക്കുമെന്ന് ബാർ ഉടമകൾക്ക് ഉറപ്പുനൽകിയത്. അതുകൊണ്ടാണ് എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞത്. ബാർകോഴയിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും ബാറുടമകളുടെ പങ്കാളികളാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് പണപ്പിരിവ് നടന്നത്. ഇപ്പോൾ കാലം മുഖത്ത് നോക്കി കണക്ക് ചോദിക്കുകയാണ്.
ഞങ്ങളല്ല ജനങ്ങളാണ് രാജാവിന്റെ കഴുത്തിൽ കുരുക്കിട്ടത്. നല്ല രീതിയിലുള്ള കുരുക്കാണ് ഇപ്പോൾ വീണിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ കനത്ത ആഘാതമാണ് കിട്ടിയത്. എന്നിട്ടും ജനപിന്തുണ സംബന്ധിച്ച വിശാലമായി സംസാരിക്കുന്നുവെന്നും അതിനുമുന്നിൽ നമിക്കുന്നുവെന്നും വല്ലാത്ത തൊലിക്കട്ടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
തന്റെ പരാതിയിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം എന്തിനെന്ന് എല്ലാവർക്കും അറിയാം. അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മറുപടി പറയണം. പ്രതിയാകേണ്ടയാൾ വാദിയായി പരാതി നൽകി. അതിൽ അന്വേഷണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ അന്വേഷണം തങ്ങൾക്ക് സ്വീകാര്യമല്ല. ബാർ കോഴ ആരോപണത്തിൽ കേസെടുത്തേ മതിയാകൂ. കൊള്ള നടത്തിയവർ ആരെന്ന് പുറത്തുവന്നേ മതിയാകൂവെന്നും സതീശൻ പറഞ്ഞു. മദ്യനയത്തിൽ യോഗം വിളിക്കാൻ ടൂറിസം വകുപ്പിന് എന്ത് അർഹതയാണുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. മന്ത്രി അറിയാതെയാണ് വകുപ്പ് യോഗം വിളിച്ചതെങ്കിൽ ആ സ്ഥാനത്തിരിക്കാൻ മന്ത്രി യോഗ്യനല്ല. കരിഞ്ചന്തയിൽ മദ്യ വില്പന വ്യാപകമാണ്. അതുകൊണ്ടാണ് ബിവറേജസ് കോർപ്പറേഷനിലെ മദ്യ വില്പന കുറഞ്ഞിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് എന്തോ ഉണ്ടെന്ന് പ്രതീതി സൃഷ്ടിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ എക്സൈസ് മന്ത്രി പോലീസിൽ പരാതി നൽകി. അതിന്മേൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. കുറ്റങ്ങൾ കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഒരു തടസ്സവും ഉണ്ടാകില്ല. അന്വേഷണത്തിൽ എന്താണെന്ന് കണ്ടെത്തട്ടെ. അന്വേഷത്തിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. എന്നാൽ ഇതോടെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു.
ബാർ കോഴയിൽ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ ശേഷം സതീശൻ ആവശ്യപ്പെട്ടു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. പണം കൊടുത്തില്ലെങ്കിൽ കാര്യം നടക്കില്ലെന്ന് തിരുമാനമാണ് വന്നത്. ടൂറിസം വകുപ്പിന് യോഗം വിളിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച സതീശൻ അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും ബാർ ഉടമകളും തമ്മിലുള്ള ഗൂഢാലോചനയാണ് നടന്നത്. സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവർത്തിച്ചു.
'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ';ബാർ കോഴയിൽ പരസ്പരം പഴിചാരി ഭരണ പ്രതിപക്ഷം,അവിശ്വാസപ്രമേയം നിഷേധിച്ചു