കൊച്ചി: ഏകീകൃത കുർബാനയിൽ കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാർ സഭ. വിമതർക്ക് എറണാകുളം അങ്കമാലി അതിരൂപത അന്ത്യശാസനം നൽകി. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് സർക്കുലറിൽ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്.
സർക്കുലർ അടുത്ത ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദേശമുണ്ട്. എന്നാല് സര്ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്ന നിലപാടിലാണ് അതിരൂപത സഭാ സുതാര്യസമിതി. ജൂണ് 14-ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള് മുന്കൂട്ടി തയ്യാറാക്കിയതാണെന്നും സമിതി ആരോപിച്ചു. ഇന്ന് വൈകിട്ട് യോഗം ചേരുമെന്നും സര്ക്കുലര് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും സഭാ സുതാര്യ സമിതി പറഞ്ഞു.
സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുന്നതായി വിമത വിഭാഗം വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം പ്രതിനിധി റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. വത്തിക്കാനെ നിലപാട് അറിയിച്ചിരുന്നു. ഐക്യമാണ് പ്രധാനം എന്നാണ് മാർപാപ്പ പറഞ്ഞത്. ചർച്ചയിലൂടെ പരിഹാരം കാണണമെന്നും നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച സിനഡ് വിഷയം ചർച്ച ചെയ്യാനിരിക്കെ വന്ന സർക്കുലർ അസാധുവാണെന്നും തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് വൈകീട്ട് യോഗം ചേരുമെന്നും റിജു കാഞ്ഞൂക്കാരൻ കൂട്ടിച്ചേർത്തു.