'നിലപാടില്ലാത്ത ജോസ് കെ മാണിയോട് യുദ്ധത്തിനില്ല'; കറുപ്പ് വസ്ത്രം ഉപേക്ഷിക്കാൻ ബിനു പുളിക്കക്കണ്ടം

ഒന്നര വർഷം മുമ്പ് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം ബിനു പുളിക്കാക്കണ്ടത്തിന് നഷ്ടമായി

dot image

കോട്ടയം: പാലായിൽ കേരളാ കോൺഗ്രസിൻ്റെ എതിർപ്പിനെ തുടർന്ന് ചെയർമാൻ സ്ഥാനം നഷ്ടമായ സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം കറുപ്പ് വസ്ത്രം ഉപേക്ഷിക്കുന്നു. നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്ട്രീയ യുദ്ധത്തിന് ഇല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം ബിനു പുളിക്കക്കണ്ടത്തിന് നഷ്ടമായി.

അന്നു മുതൽ കറുപ്പ് വസ്ത്രം അണിഞ്ഞാണ് പൊതുവേദികളിൽ എത്തിയിരുന്നത്. ഇപ്പോൾ ബിനു അത് ഉപേക്ഷിക്കുകയാണ്. പിന്നിൽ കാരണവുണ്ട്. അന്ന് സിപിഐഎമ്മിന് നഗരസഭാ ചെയർമാൻ സ്ഥാനം കിട്ടുമെന്നിരിക്കെ പാർട്ടി ചിഹ്നത്തിൽ ജയിച്ച ഏക കൗൺസിലറായ ബിനുവിനെ കേരളാ കോൺഗ്രസ് വെട്ടി. ഇപ്പോൾ രാജ്യ സഭാ സീറ്റ് ജോസ് കെ മാണിയുടെ സമ്മർദത്തെ തുടർന്ന് സിപിഐഎം വിട്ടു നൽകി. രണ്ടു വിഷയങ്ങളിലും സിപിഐഎം കേരളാ കോൺഗ്രസിനു മുന്നിൽ മുട്ടുമടക്കി.

ജനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാതെ പാർലമെൻ്ററി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ മാണിക്ക് രാഷ്ട്രീയ മര്യാദയില്ലെന്നാണ് ബിനുവിൻ്റെ നിലപാട്. അടുത്ത കൗൺസിൽ യോഗം മുതൽ വെളുത്ത വസ്ത്രം ധരിച്ചെത്തും. കൗൺസിൽ യോഗത്തിനിടെ കേരളാ കോണ്ഗ്രസ് എം കൗണ്സിലറെ മര്ദിച്ചതും നിയമസഭാ തിരഞ്ഞെടുപ്പില് ജോസ് കെ മാണിയുടെ എതിരാളി മാണി സി കാപ്പന് പിന്തുണ നൽകിയതുമാണ് ബിനുവിനോട് കേരളാ കോണ്ഗ്രസിൻ്റെ ശത്രുതയ്ക്ക് കാരണം.

dot image
To advertise here,contact us
dot image