തൃശ്ശൂര്: തൃശ്ശൂര് ഡിസിസിയുടെ ചുമതലയുള്ള വി കെ ശ്രീകണ്ഠന് കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭ തിരഞ്ഞെടുപ്പില് തൃശ്ശൂരിലെ പരാജയത്തെ സംബന്ധിച്ച് ഇരുവരും ചര്ച്ച നടത്തി. കെ മുരളിധരന് പാലക്കാട് മത്സരിക്കുന്ന കാര്യം തള്ളിക്കളയാന് കഴിയില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ശ്രീകണ്ഠന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്, ഇക്കാര്യത്തില് തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്. പാലക്കാട് കരുത്തനും ഊര്ജ്ജസ്വലനുമായ സ്ഥാനാര്ത്ഥി വരണം. തൃശ്ശൂരിലെ പാര്ട്ടിയിലെ പ്രശ്നങ്ങള് രമ്യമായി പരിഹരിക്കും. മുരളീധരനുമായി നടത്തിയ ചര്ച്ച പോസിറ്റീവാണെന്നും ശ്രീകണ്ഠന് പറഞ്ഞു. മുരളീധരന്റെ പരാജയത്തെിനുശേഷം തൃശ്ശൂര് ഡിസിസിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.
തൃശ്ശൂര് മണ്ഡലത്തില് കഴിഞ്ഞ തവണ വിജയിച്ച കോണ്ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. എന്ഡിഎ സ്ഥാനാര്ഥി സുരേഷ് ഗോപി -412338, എല്ഡിഎഫ് സ്ഥാനാര്ഥി അഡ്വ. വി.എസ് സുനില്കുമാര് -337652, യുഡിഎഫ് സ്ഥാനാര്ഥി കെ. മുരളീധരന് - 328124 എന്നിങ്ങനെയായിരുന്നു വോട്ട് നില. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന് പ്രതാപന് നേടിയത്.
ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്ഗ്രസ് സ്ഥാനാര്ഥി നേടിയതിനേക്കാള് 86959 കുറവ് വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുരേഷ് ഗോപിക്ക് ഇക്കുറി 1,18,516 വോട്ട് അധികവും ലഭിച്ചു. അതിനാല് മുരളീധരന്റെ ദയനീയ പരാജയം കോണ്ഗ്രസിനുള്ളില് ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായിരിക്കുകയാണ്.