കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചു. മൊഴിമാറ്റത്തോടെ, പ്രമാദമായ കേസ് നാടകീയമായ വഴിത്തിരിവിലേയ്ക്കാണ് പോകുന്നത്. രാഹുലിനെതിരെ നേരത്തെ നൽകിയ മൊഴി യുവതി ഇന്നലെ തിരുത്തിയിരുന്നു. ദുർബലമായ കേസാണെന്നാണ് പ്രതിഭാഗം പറയുന്നത്. രാഹുലിനെ സഹായിച്ചതിൻ്റെ പേരിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പെൺകുട്ടിയുടെ നാടകീയമായ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണം സമ്മർദ്ദത്തെ തുടർന്ന് നുണ പറഞ്ഞതാണെന്ന് പെൺകുട്ടി പറഞ്ഞു.
എഫ്ഐആർ റദ്ദ് ചെയ്യുന്നതിനുള്ള സത്യവാങ്മൂലം പെൺകുട്ടി ഒപ്പിട്ടു നൽകിയതായാണ് സൂചന. ഇതിനു പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷിക്കുന്നതിൽ പൊലീസ് തികഞ്ഞ അലംഭാവം കാട്ടിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കുറ്റപ്പെടുത്തി. പ്രധാന തെളിവായ വൂണ്ട് സർട്ടിഫിക്കറ്റ് പോലും ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. രണ്ടു പൊലീസുകാരെ ബലിയാടാക്കി എന്നും അഡ്വക്കേറ്റ് ഷമീം പറഞ്ഞു.
പ്രതി രാഹുലിനെ ന്യായീകരിച്ചു കൊണ്ടുളള വീഡിയോയുമായി പരാതിക്കാരി പെൺകുട്ടി ഇന്നലെ രംഗത്ത് എത്തിയിരുന്നു. മാറി നിന്നതിൽ ദുരൂഹതയില്ല. മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്. താൻ സുരക്ഷിതയാണെന്നും യുവതി അറിയിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടിൽ നിന്നും മാറിനിന്നത് സമ്മർദ്ദം മൂലമാണ്. ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്, താൻ സുരക്ഷിതയാണ്: പന്തീരാങ്കാവ് കേസില് മൊഴിമാറ്റി യുവതിരാഹുൽ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി വീഡിയോ പങ്കുവെച്ചത്. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര് പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ മീഡിയയില് വീഡിയോയിലൂടെ പറയുന്നത്.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരൻ രംഗത്തെത്തി. യുവതിയെ കുറിച്ച് ഇന്നലെ മുതൽ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസിൽ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോണ് സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.