'കേരളത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കും'; സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്

dot image

ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. എല്ലാം പഠിക്കണം, ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെ പോലെയാണ് എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കാനും ഇതുവരെ ശ്രദ്ധ ലഭിക്കാത്ത ടൂറിസം മേഖലകൾ കണ്ടെത്തി വികസിപ്പിച്ചെടുക്കാനും ശ്രമിക്കും. ജനഹിതം അനുസരിച്ചുള്ള തൃശൂർ പൂരം നടത്താൻ ശ്രമിക്കുമെന്നും തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

സിനിമയും മന്ത്രി എന്ന നിലയിലുള്ള ചുമതലകളും താൻ ഒരുമിച്ച് കൊണ്ടുപോകും. ഇതു സംബന്ധിച്ച് നരേന്ദ്രമോദിയും അമിത് ഷായുമായി സംസാരിക്കും. തന്റെ സിനിമ സെറ്റിൽ ഒരു ഓഫീസുണ്ടാകും. അടുത്ത വർഷത്തെ പൂരം മനോഹരമായിട്ട് നടത്തും. അതിനാണ് ജനങ്ങൾ തന്നെ അനുഗ്രഹിച്ച് ഇങ്ങോട്ട് അയച്ചത്. പൂരപ്രേമികൾക്കായി അപകടരഹിതവും അതിമനോഹരവുമായ പൂരക്കാഴ്ച സമ്മാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ നടന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ യോഗത്തിൽ മന്ത്രി സഭ വകുപ്പുകളെ കുറിച്ചുള്ള തീരുമാനം പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിക്ക് പുറമെ സഹമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള ജോർജ് കുര്യൻ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളിൽ സഹമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് പതിനൊന്നോടെ ജോർജ് കുര്യൻ ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം.

നേരത്തെ സിനിമാ തിരക്കും മറ്റും മൂലം സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമാണെന്നും മാധ്യമ വാർത്തകൾ തെറ്റാണെന്നും പ്രതികരിച്ച് പിന്നീട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. . കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന ആരോപണത്തെയും അദ്ദേഹം തള്ളിയിരുന്നു.

താൻ കേരളത്തിനു വേണ്ടിയും തമിഴ്നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കും. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപിക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

'കേസ് തീർക്കാൻ യുവതി ഒപ്പിട്ട് തന്നു, രഹസ്യമൊഴി ബാധിക്കില്ല'; പന്തീരാങ്കാവ് കേസിൽ പ്രതിഭാഗം വക്കീൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us