മലപ്പുറം: രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലബാറിൽ പ്ലസ് വണ് സീറ്റ് പ്രതിസന്ധി രൂക്ഷം. രണ്ടാം ഘട്ടത്തിൽ മലപ്പുറം ജില്ലയിൽ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാർത്ഥികൾക്ക് മാത്രമാണ്. രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷവും മലപ്പുറം ജില്ലയിൽ 46,839 വിദ്യാർത്ഥികൾ അവസരം കാത്ത് നിൽക്കുമ്പോൾ ജില്ലയിൽ ആകെ ശേഷിക്കുന്നത് 14600 സീറ്റുകൾ മാത്രമാണ്. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചു.
ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച 36393 വിദ്യാർത്ഥികളിൽ 33170 വിദ്യാർത്ഥികളാണ് പ്രവേശന നടപടികൾ പൂർത്തീകരിച്ചത്. പുതുതായി അവസരം ലഭിച്ചതാകട്ടെ 2,437 പേർക്കും. ഇതടക്കം 35,607 പേർക്കാണ് മലപ്പുറം ജില്ലയിൽ രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. ഈ കണക്ക് പരിശോധിച്ചാൽ മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ നൽകിയ 82,446 അപേക്ഷകരിൽ 46,839 പേർ ഇപ്പോഴും പട്ടികക്ക് പുറത്ത് നിൽക്കുകയാണ്. ഇവർക്കായി ഇനി ശേഷിക്കുന്നതാകട്ടെ 14,600 മെറിറ്റ് സീറ്റുകൾ മാത്രം. ഇത് കൂടി പൂർത്തിയാകുന്നതോടെ ജില്ലയിലെ 32,239 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ മേഖലകളെയോ ആശ്രയിക്കേണ്ടി വരും. ഇതര ജില്ലകളിൽ നിന്നായി 7,606 പേരാണ് അപേക്ഷകരായി മലപ്പുറത്തുള്ളത്.
ഇവരുടെ എണ്ണം കുറച്ചാലും 24,633 പേർക്ക് ജില്ലയിൽ ജനറൽ സീറ്റിൽ പഠിക്കാൻ അവസരം ഇല്ലെന്നര്ത്ഥം. വിദ്യാഭ്യാസ മന്ത്രി സഭയിൽ അവതരിപ്പിച്ച കണക്കുകൾ കൊണ്ട് മാത്രം ജില്ലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. രണ്ടാം അലോട്ട്മെൻ്റിൽ പ്രവേശനം ലഭിച്ചവർക്ക് നാളെ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം നേടാനുള്ള സമയം. 19 നാണ് മൂന്നാം ഘട്ട അലോട്ട്മെൻ്റ് നടക്കുക. തുടർന്നും പ്രതിസന്ധി തുടരുകയാണെങ്കിൽ സപ്ലിമെൻ്ററി അലോട്മെൻ്റുകളിലൂടെ പരിഹാരം കാണും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അവകാശ വാദം. അതിനിടെ സീറ്റ് പ്രതിസന്ധി പരിഹരിക്കണമന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സമരം പ്രഖ്യാപിച്ചു. മലപ്പുറം ഡിസിസിയുടെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.