സിപിഐഎം- ബിജെപി അന്തർധാര സംശയിക്കുന്നു; എൻ കെ പ്രേമചന്ദ്രൻ

'കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ആർ എസ് പി സൂഷ്മമായി പരിശോധിക്കും'

dot image

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനുള്ള താക്കീതെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. ഇൻഡ്യ സഖ്യം ഇതേ ഐക്യത്തിൽ പോയാൽ 18-ാം ലോക്സഭ അവസാനിക്കുന്നതിന് മുൻപ് ഇൻഡ്യ മുന്നണിയുടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. സംസ്ഥനത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്നും പ്രേമചന്ദ്രൻ വിലയിരുത്തി.

സിപിഐഎം- ബിജെപി അന്തർധാര സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച പ്രേമചന്ദ്രൻ തിരുവനന്തപുരത്തെയും തൃശൂരിലേയും തിരഞ്ഞെടുപ്പ് ഫലം അത് കാണിക്കുന്നുവെന്നും വ്യക്തമാക്കി.കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ആർ എസ് പി സൂഷ്മമായി പരിശോധിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ജനതാദൾ എസ് കേരളത്തിൽ എൽഡിഎഫിൻ്റെ ഭാഗമാണെന്നും കേന്ദ്രത്തിൽ ജനതാദൾ എസ് നേതാവ് മോദി മന്ത്രിസഭയിൽ അംഗമാണെന്നും ചൂണ്ടിക്കാട്ടിയ പ്രേമചന്ദ്രൻ ഇത് സിപിഐഎമ്മിൻ്റെ മതേതര നിലപാടിനെ ചോദ്യം ചെയ്യുന്നതാണെന്നും കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സിപിഐഎം നിലപാട് പറയണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

ആർജെഡി ചൂണ്ടിക്കാണിച്ച അതൃപ്തിയെ സംബന്ധിച്ചും പ്രേമചന്ദ്രൻ നിലപാട് വ്യക്തമാക്കി. സിപിഐഎം എപ്പോഴും സമീപിക്കുന്ന രീതി ഇതാണ്. ചർച്ച നടത്തുന്നില്ല. കൊല്ലത്തും ഇതേ അവസ്ഥ ഉണ്ടായിരുന്നു. അങ്ങനെയാണ് ആർഎസ്പി മുന്നണി വിട്ടത്. കോഴിക്കോട് പാർലമെൻ്റ് സീറ്റ് മുമ്പ് മുഹമ്മദ് റിയാസിന് കൊടുത്ത ചരിത്രം ഉണ്ട്. അന്ന് വീരേന്ദ്ര കുമാർ വാക്കൗട്ട് നടത്തിയിരുന്നു പിന്നീട് യുഡിഎഫിൻ്റെ ഭാഗമാകുകയായിരുന്നു. രാജ്യസഭാ സീറ്റുമായി എൽഡിഎഫിലേക്ക് കടന്ന് ചെന്ന ആളാണ് എം വി ശ്രേയാംസ് കുമാർ. ജോസ് കെ മാണിക്ക് രാജ്യസഭാ പ്രാതിനിധ്യം കൊടുത്തിട്ട് ശ്രേയാംസ് കുമാറിന് കൊടുക്കാത്തത് ശരിയല്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാണിച്ചു.

വിഷയത്തിൽ ഇപ്പോൾ ശ്രേയാംസ് പ്രതികരിച്ചത് നന്നായിയെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാണിച്ചു. നിയമസഭാ അംഗം ഉണ്ടായിട്ടും ആർജെഡിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സിപിഐഎം തയ്യാറായിട്ടില്ല. സോഷ്യലിസ്റ്റ് ആശയം പിന്തുടർന്ന് വന്ന വീരേന്ദ്ര കുമാറിൻ്റെ പാർട്ടിക്ക് സീറ്റ് നൽകുന്നില്ല. കേന്ദ്രത്തിൽ എൻഡിഎയിൽ ഉള്ള ഒരു പാർട്ടിയുടെ കേരള ഘടകം മന്ത്രിസഭയിൽ തുടരുന്നുവെന്നായിരുന്നു പ്രേമചന്ദ്രൻ്റെ പ്രതികരണം. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആർജെഡി തിരിച്ചു വരികയാണെങ്കിൽ യുഡിഎഫ് കൂടിയാലോചിച്ച് എടുക്കേണ്ട നിലപാട് തീരുമാനിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. ആർഎസ്പി പണ്ട് എൽഡിഎഫ് വിട്ടതും വീരേന്ദ്ര കുമാറിൻ്റെ നേതൃത്വത്തിൽ പാർട്ടി എൽഡിഎഫ് വിട്ടതും ഇതേ സാഹചര്യത്തിലാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാണിച്ചു.

ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനവുമായി നേരത്തെ ആർജെഡി രംഗത്ത് വന്നിരുന്നു. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റുമായി വന്നിട്ടും കാര്യമായ പരിഗണന ലഭിച്ചില്ല. 2024ൽ രാജ്യസഭാ സീറ്റ് ആർജെഡിക്ക് തരേണ്ട മാന്യത എൽഡിഎഫ് കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പുനൽകിയതും ശ്രേയാംസ് കുമാർ ചൂണ്ടിക്കാണിച്ചു. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. അതിൽ നിരാശയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു. തുടക്കം മുതൽ സംസ്ഥാന മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ്. പക്ഷേ, ആർജെഡിയെ മാത്രം പരിഗണിക്കുന്നില്ല. ജെഡിഎസിനുള്ള പരിഗണന പോലും തങ്ങൾക്കു നൽകുന്നില്ല. ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. എന്നാൽ, മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us