കൽപ്പറ്റ: വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി കൽപ്പറ്റയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എല്ലാവരും തെരഞ്ഞെടുപ്പിന്റെ ഫലം കണ്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് രൂപകൽപ്പന ചെയ്തത് പ്രധാനമന്ത്രിക്ക് അനുയോജ്യമായിട്ടാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിൻ്റെ വിമർശനം. എല്ലാവരോടും പറഞ്ഞു നിശബ്ദ പ്രചാരണം നടത്താൻ പാടില്ലെന്ന്. എന്നാൽ മോദി അത് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ബിജെപി ഉത്തർപ്രദേശിൽ പരാജയപ്പെട്ടത് ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ചതിനാലാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ പത്തു വർഷമായി ബിജെപി ഭരണ ഘടനയെ ആക്രമിക്കുകയാണ്. ഇന്ത്യ പ്രധാനമന്ത്രിക്ക് വ്യക്തമായ സന്ദേശം നൽകിയെന്നും ഭരണഘടനയെ തൊട്ടു കളിക്കാൻ അനുവദിക്കില്ലെന്നാണ് ആ സന്ദേശമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ഏത് മണ്ഡലം നിലനിർത്തണമെന്ന തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് നേരത്തെ വയനാട് മണ്ഡലത്തിലെ എടവണ്ണയിൽ സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നതിനിടെയാണ് സസ്പെൻസ് നിലനിർത്തിയുള്ള പരാമർശം എന്നതും ശ്രദ്ധേയമാണ്. താൻ വീണ്ടും വരും എന്നുകൂടി രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. എടവണ്ണയിലെ ജനങ്ങളോട്, എവിടെ നിലനിർത്തണമെന്ന ചോദ്യം രാഹുൽ ഉന്നയിച്ചതോടെ ജനങ്ങൾ വയനാട് എന്ന് ആർത്തുവിളിച്ചു. ഇതോടെയാണ് തന്റെ തീരുമാനം വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്നതാകുമെന്ന് പറഞ്ഞത്.
ഈ രാജ്യത്ത് ഭരണഘടന ഇല്ലാതായാൽ ഒരാൾക്ക് കേരളത്തിൽ വന്ന് മലയാളം സംസാരിക്കേണ്ട എന്ന് പറയാൻ കഴിയും. ഈ തിരഞ്ഞെടുപ്പിൽ നടന്നത് ഭരണഘടനക്ക് വേണ്ടിയുള്ള പോരാട്ടമാണ്. മോദിക്കും അമിത് ഷാക്കും ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അവർക്ക് ഒപ്പം സിബിഐയും ഇഡിയും ഇൻകം ടാക്സും ഉണ്ടായിരുന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് അവർ കരുതി. എന്നാൽ കേരളവും ഉത്തർപ്രദേശും അടക്കമുള്ള ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനയിൽ തൊട്ടുകളിക്കരുതെന്ന് പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തുവെന്നും രാഹുൽ ഗാന്ധി എടവണ്ണയിൽ പറഞ്ഞിരുന്നു.