രാഹുൽ ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും; എന്താകും പ്രഖ്യാപനം? ആകാംക്ഷയോടെ രാഷ്ട്രീയകേരളം

രാഹുൽ രാജിവെക്കുന്നതോടെ വരുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് പ്രിയങ്കയുടെ വരവ്.

dot image

കൽപറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാർഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കൽപ്പറ്റയിലും വോട്ടർമാരെ കാണും. വയനാട്ടിലെ സ്ഥാനാർഥി ചർച്ചകൾക്കിടെ രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതാദ്യമായാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ പത്തു മണിക്ക് എടവണ്ണയിലും ഉച്ചക്ക് രണ്ട് മണിക്ക് കല്പറ്റയിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. ശേഷം റോഡ് മാർഗം കണ്ണൂരിലെത്തി, കണ്ണൂർ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിക്ക് ഒപ്പം മണ്ഡലത്തിൽ എത്തുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. രാഹുൽ രാജിവെക്കുന്നതോടെ വരുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് പ്രിയങ്കയുടെ വരവ്. തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും പ്രഖ്യാപനങ്ങൾ എന്താകുമെന്ന് അറിയാനാണ് രാഷ്ട്രീയ കേരളത്തിന്റെയും കാത്തിരിപ്പ്.

dot image
To advertise here,contact us
dot image