തിരുവനന്തപുരം: പെരിയാറിലെ രാസമാലിന്യം സംബന്ധിച്ച റിപ്പോർട്ടർ വാർത്ത നിയമസഭയിൽ. റിപ്പോർട്ടർ പഠനം ഗൗരവമുള്ളതെന്ന് അൻവർ സാദത്ത് എംഎൽഎ സഭയിൽ പറഞ്ഞു. റിപ്പോർട്ടറിൻ്റെ പഠനത്തിൽ പെരിയാറിൽ രാസമാലിന്യം കണ്ടെത്തിയെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
പെരിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടർ ടി വി ശേഖരിച്ച വെള്ളം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പരിശോധിച്ചപ്പോഴാണ് അപകടകരമാം വിധം രാസമാലിന്യങ്ങളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. കുഫോസിൻ്റെ പരിശോധനയിലും ഉയർന്ന അളവിൽ രാസമാലിന്യം കണ്ടെത്തി. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിശോധനയിൽ മാത്രം രാസമാലിന്യമില്ലാതെ പെരിയാറിന് ക്ലീൻ ചിറ്റ് നൽകി.
പെരിയാറിൻ്റെ ഏകദേശം ഒരേ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെള്ളം റിപ്പോർട്ടർ ടി വി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജല പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴും കുഫോസ് അവരുടെ ലാബിൽ പരിശോധിച്ചപ്പോഴും കിട്ടിയത് ഏതാണ്ട് ഒരേ ഫലങ്ങൾ. രാസമാലിന്യങ്ങൾ രണ്ട് റിപ്പോർട്ടിലും അപകടകരമായ അളവിലുണ്ട്. കുസാറ്റിലെ റിപ്പോർട്ടിൽ അപകടകാരിയായ അമോണിയയുടെ അളവ് ഒരു സാമ്പിളിൽ മാത്രം ലിറ്ററിൽ 60 മില്ലി ഗ്രാം ഉണ്ട്.
നൈട്രേറ്റിൻ്റെ അളവ് 139.9 mg പെർ ലിറ്ററും സൾഫേറ്റിൻ്റെ അളവ് 14297 മില്ലി ഗ്രാം പെർ ലിറ്ററും ഈ സാമ്പിളിൽ നിന്ന് കിട്ടി. മറ്റ് സാമ്പിളുകളുടെ ഫലമാകട്ടെ കുഫോസിലെ പരിശോധനാ ഫലത്തിനൊപ്പം നിൽക്കുന്നു. കുഫോസിൽ സൾഫേറ്റ് ലിറ്ററിൽ 176.9 മില്ലി ഗ്രാമും അമോണിയ ലിറ്ററിൽ 3. 296 മില്ലി ഗ്രാമുമാണ്. സൾഫൈഡും കാൽസ്യവും വളരെ ഉയർന്ന അളവിൽ തന്നെ. എന്നാൽ ഇതേ ഭാഗത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച് പരിശോധിച്ച വെള്ളം പരിശുദ്ധമെന്നായിരുന്നു റിപ്പോർട്ട്.
'വിഷ'പെരിയാർ; പരിശോധനയിൽ അപകടകരമായ അളവിൽ രാസമാലിന്യം,പക്ഷേ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ക്ലീൻ ചിറ്റ്