അഗളി: അട്ടപ്പാടിയിലെ കെ -ഫോണിന്റെ ആദ്യ കണക്ഷന് ദേശീയ പുരസ്കാര ജേതാവായ ഗായിക നഞ്ചിയമ്മയ്ക്ക് നല്കി. നക്കുപ്പതി ഊരിലുള്ള നഞ്ചിയമ്മയുടെ വീട്ടിലാണ് കെ -ഫോണിന്റെ കണക്ഷന് നല്കിയത്. ലാസ്റ്റ് മൈല് നെറ്റ്വര്ക്ക് പ്രൊവൈഡറായ അട്ടപ്പാടി കേബിള് വിഷന് വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിലേക്ക് കണക്ഷനെത്തിയത്. അട്ടപ്പാടിയിലെ 250 കുടുംബങ്ങള്ക്കാണ് ആദ്യഘട്ടത്തില് സൗജന്യമായി കെ -ഫോണ് കണക്ഷന് നല്കുന്നത്.
മൊബൈല് ഫോണിന് റെയ്ഞ്ചില്ലാത്ത കാവുണ്ടിക്കല്, ഇടവാണി, ഭൂതയാര്, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗല് തുടങ്ങിയ ആദിവാസി ഊരുകള്ക്കാണ് പ്രഥമ പരിഗണന നല്കുന്നത്. അഗളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറില്നിന്നാണ് കെ -ഫോണ് കണക്ഷന് നഞ്ചിയമ്മ ഏറ്റുവാങ്ങിയത്.
സംസ്ഥാനത്തെ ഡിജിറ്റല് അടിസ്ഥാന സൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിന് കേരള സര്ക്കാര് ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ് എന്ന ചുരുക്കപേരില് അറിയപ്പെടുന്ന കേരള ഫൈബര് ഒപ്റ്റിക്കല് നെറ്റ് വര്ക്ക്. സുശക്തമായ ഒപ്റ്റിക്കല് ഫൈബര് ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്നെറ്റ്/ഇന്ട്രാനെറ്റ് കണക്ഷന് 30,000 ത്തോളം ഓഫീസുകളില് നല്കുന്നതാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്ക്ക് മിതമായ നിരക്കിലും ഇന്റര്നെറ്റ് ലഭ്യമാക്കാന് പദ്ധതി സഹായകമാകുമെന്നാണ് സര്ക്കാര് അവകാശ വാദം.
നിങ്ങള് ബിരുദമില്ലാത്ത പത്താം ക്ലാസ് പാസ്സായ ആളാണോ?; കേരള ഹൈക്കോടതിയില് ജോലി നേടാം