കണ്ണൂർ: അന്തരിച്ച സിപിഐഎം നേതാവും മുൻമുഖ്യമന്ത്രിയുമായ എ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നായനാരോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന ആളാണ് ബിജെപി നേതാവായ സുരേഷ് ഗോപി. അതുകൊണ്ടുതന്നെ സുരേഷ് ഗോപി, നായനാരുടെ വീട് സന്ദർശിക്കുന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാണ്.
സഖാവിന്റെ പേരിലാണ് തന്നെ കാണാൻ ആളുകൾ വരുന്നതെന്നും എല്ലാവരെയും സ്നേഹത്തിലും സൗഹാർദ്ദത്തിലുമാണ് സ്വീകരിക്കുന്നതെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയെ പുകഴ്ത്താനും ടീച്ചർ മറന്നില്ല. സുരേഷ് ഗോപി രാഷ്ട്രീയം നോക്കിയല്ല പ്രവർത്തിക്കുന്നത്. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി അയാൾ പ്രവർത്തിക്കുന്നുണ്ട്. സുരേഷ് ഗോപി മന്ത്രിയായി നന്നായി പ്രവർത്തിക്കുമെന്ന് കരുതുന്നു. മുമ്പ് എംപി ആയിരുന്നപ്പോഴും നന്നായി പ്രവർത്തിച്ചയാളാണ്. ഇടയ്ക്കെല്ലാം തന്നെ കാണാൻ വരാറുണ്ട്. ഒരുമിച്ച് ആഹാരം കഴിക്കാറുണ്ട്.
സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടെന്നാണ് സന്ദർശനത്തിൽ ടീച്ചർ പ്രതികരിച്ചത്. 'എന്റെ സഖാവ് ആരാണെന്ന് അറിയില്ലേ', ഇതിൽ രാഷ്ട്രീയം കാണരുതെന്ന് തന്റെ അപേക്ഷയാണെന്നും സഖാവിന് ദോഷം വരുന്നതൊന്നും പറയില്ലെന്നും അവർ വ്യക്തമാക്കി. ഒടുവിൽ നായനാരെ കുറിച്ച് പറഞ്ഞ് ടീച്ചറുടെ കണ്ണ് നിറഞ്ഞു. നായനാരെ കുറിച്ച് താനെഴുതിയ പുസ്തകം അവർ സുരേഷ് ഗോപിക്ക് സമ്മാനിച്ചു. ടീച്ചറോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.