'ബിജെപിയുടെ ഇലക്ടറല് ബോണ്ടാണ് സിപിഐഎമ്മിന് മദ്യനയം'; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്

'നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള് പാലിക്കാത്ത കെട്ടിടങ്ങള്ക്ക് ടൂറിസം വകുപ്പ് ഹെറിറ്റേജ് പദവി നല്കി അവിടങ്ങളില് ബാറുകള് അനുവദിക്കുന്നതാണ് മറ്റൊരു അഴിമതി'

dot image

കണ്ണൂര്: ബിജെപിയുടെ ഇലക്ടറല് ബോണ്ട് പോലെയാണ് സിപിഐഎമ്മിന്റെ മദ്യനയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. വിഷയത്തില് സമഗ്ര അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകള്ക്ക് ബാറുകള് അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇക്കാര്യത്തിലും അടിയന്തര അന്വേഷണത്തിന് സര്ക്കാര് തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കാലത്ത് ബാര് ഉടമകളില് നിന്നും ബലം പ്രയോഗിച്ച് കോടികള് പിടിച്ചെടുത്തെന്നും പണം നല്കാത്തവരെ കള്ളക്കേസില് കുടുക്കിയെന്നും മുഖ്യമന്ത്രിക്ക് ബാര് ഉടമകള് പരാതി നല്കി. ഇതുതന്നെയാണ് ബിജെപി കേന്ദ്രത്തില് ചെയ്തത്. വന്കിട പദ്ധതികള് വന്കിടക്കാര്ക്ക് ചുളുവിലയ്ക്ക് നല്കുകയും അതിന്റെ കമ്മീഷന് ഇലക്ട്രല് ബോണ്ടായി വാങ്ങുകയും വിസമ്മതിച്ചവര്ക്കെതിരെ കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് കേസെടുക്കുകയുമാണ് ചെയ്തത്. മോദിയില് നിന്നും ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയന് മദ്യനയത്തില് ഇവിടെ അത് നടപ്പാക്കിയെന്നും കെ സുധാകരന് ആരോപിച്ചു.

തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് കോടികള് പിരിച്ചെടുത്തതെന്ന് ബാറുടമകളുടെ പരാതിയില് പറയുന്നു. ഇതിന്മേല് ഇതുവരെയും അന്വേഷണമോ നടപടിയോ ഇല്ല. ബാര് ഉടമകളില് നിന്ന് വീണ്ടും രണ്ടര ലക്ഷം രൂപ വീതം പിരിക്കുന്നത് സംബന്ധിച്ചും അന്വേഷണമില്ല. ബാര് ഉടമകളുടെ യോഗത്തില് നിന്നുള്ള ശബ്ദസന്ദേശം എങ്ങനെ പുറത്തുപോയി എന്നതുമാത്രമാണ് അന്വേഷിക്കുന്നത്. ഇതൊന്നും അന്വേഷിക്കാത്തവരാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയുടെ മകന് വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാണ് എന്നും പറഞ്ഞ് നോട്ടീസ് അയച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാല് അതു കുടുംബത്തിലേക്ക് നീളും എന്നതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. എക്സൈസ് മന്ത്രിയെ നോക്കുകുത്തിയാക്കി ടൂറിസം മന്ത്രി നേരിട്ടാണ് മദ്യനയം തൂക്കി വിറ്റത്. ടൂറിസം മന്ത്രിയിടെ ഉടപെടലില് സഹികെട്ട് അവസാനം താനാണ് എക്സൈസ് മന്ത്രി എന്നുപോലും മന്ത്രി എം ബി രാജേഷിന് നിയമസഭയില് പറയേണ്ടി വന്നു എന്നും കെ സുധാകരന് പരിഹസിച്ചു.

നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള് പാലിക്കാത്ത കെട്ടിടങ്ങള്ക്ക് ടൂറിസം വകുപ്പ് ഹെറിറ്റേജ് പദവി നല്കി അവിടങ്ങളില് ബാറുകള് അനുവദിക്കുന്നതാണ് മറ്റൊരു അഴിമതി. തമിഴ്നാട്ടില് നിന്നും മറ്റും പുരാതന വീടുകള് ഇളക്കികൊണ്ടുവന്നാണ് ഇവിടെ പല കെട്ടിടങ്ങളും ഹെറിറ്റേജ് പദവി നേടിയതെന്നും സുധാകരന് ആരോപിച്ചു.

dot image
To advertise here,contact us
dot image