ചേകന്നൂർ മൗലവി കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു; ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ കാന്തപുരം

തന്നെയും തന്റെ പ്രസ്ഥാനത്തെയും ഇല്ലാതാക്കാനാണ് ചിലർ ശ്രമിച്ചതെന്നും കാന്തപുരം ആരോപിച്ചു. വിശ്വാസപൂർവ്വം എന്ന ആത്മകഥയിലാണ് കാന്തപുരത്തിന്റെ ഗുരുതര ആരോപണം.

dot image

തിരുവനന്തപുരം: സിബിഐ സ്പെഷ്യൽ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കെമാൽ പാഷ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ചേകന്നൂർ മൗലവി തിരോധാന കേസിൽ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നു. തന്നെയും തന്റെ പ്രസ്ഥാനത്തെയും ഇല്ലാതാക്കാനാണ് ചിലർ ശ്രമിച്ചതെന്നും കാന്തപുരം ആരോപിച്ചു. വിശ്വാസപൂർവ്വം എന്ന ആത്മകഥയിലാണ് കാന്തപുരത്തിന്റെ ഗുരുതര ആരോപണം.

കാന്തപുരത്തിന്റെ സ്ഥാപനമായ മർക്കസിന് കീഴിലെ ഇമാം റാസി എജുക്കേഷണൽ ട്രസ്റ്റ് പിടിച്ചെടുക്കാൻ മുസ്ലിംലീഗ് നേതാക്കൾ ശ്രമിച്ചു. വ്യാജമായി രൂപീകരിച്ച പുതിയ ട്രസ്റ്റിൽ ജസ്റ്റിസ് കെമാൽ പാഷയും ഉണ്ടായിരുന്നു. ഇതേ കെമാൽ പാഷയാണ് ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ ഉത്തരവിട്ടത് എന്നാണ് കാന്തപുരത്തിന്റെ വെളിപ്പെടുത്തൽ.

സിബിഐ പ്രത്യേക കോടതിയിൽ ജഡ്ജി ആയിരിക്കെയാണ് കെമാൽ പാഷ അനാവശ്യ ധൃതി കാണിച്ചത്. തനിക്കെതിരെയുള്ള ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കി. സിബിഐ കോടതി ജഡ്ജി കെമാൽ പാഷക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു. ഇതോടെ കേസിലെ ഗൂഢാലോചന വെളിച്ചത്തായെന്നും കാന്തപുരം പറയുന്നു. ആത്മകഥയിൽ ചേകന്നൂരിലെ താർക്കികൻ എന്ന പതിനാലാം അധ്യായത്തിലാണ് ചേകന്നൂർ കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് കാന്തപുരം ആരോപിച്ചത്. ചേകന്നൂർ കേസ് വഴി ചിലർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു. രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗം ഇതിന് കൂട്ട് നിന്നു. മുജാഹിദുകൾ ചേകന്നൂർ മൗലവിക്കെതിരെ കൊലവിളി നടത്തിയിരുന്നെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾക്കിടെ ഇവർ രക്ഷപ്പെട്ടുവെന്നും കാന്തപുരത്തിന്റെ ആത്മകഥയിൽ ഉണ്ട്.

തന്നെ ലക്ഷ്യം വെച്ച് ലേഖനങ്ങൾ എഴുതിയ എം എൻ കാരശ്ശേരി ചേകന്നൂരിനെ കൊല്ലുമെന്ന് പറഞ്ഞവരെ കുറിച്ച് മിണ്ടിയില്ലെന്നും കാന്തപുരം ആത്മകഥയിൽ കുറ്റപ്പെടുത്തി. ഇന്നലെയാണ് കാന്തപുരത്തിന്റെ ആത്മകഥയായ വിശ്വാസപൂർവ്വം പ്രകാശനം ചെയ്തത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് പ്രകാശനം നിർവഹിച്ചത്.

dot image
To advertise here,contact us
dot image